കൊല്‍ക്കത്ത: ശാന്തിനികേതനിലെ ഹോളി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഹോളി ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിരോധനത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ള പോസ്റ്ററാണ്‌ 
പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.എന്നാല്‍ ഹരിതാഭ കാക്കാനുള്ള നടപടി മാത്രമാണ് കൈകൊണ്ടതെന്ന് മമത ബാനര്‍ജി സര്‍ക്കാര്‍ പറഞ്ഞു. 

To advertise here,

'സംരക്ഷിത വനപ്രദേശം.... ചായങ്ങള്‍ കൊണ്ട് കളിക്കുന്നത്, കാര്‍ പാര്‍ക്കിങ്, വീഡിയോഗ്രാഫി, ഡ്രോണ്‍ ക്യാമറ ഉപയോഗം എന്നിവ നിരോധിച്ചിരിക്കുന്നു. ഇങ്ങനെയാണ് പോസ്റ്ററില്‍ പറയുന്നത്.

ഇതാദ്യമായിട്ടല്ല ഇത്തരം നടപടികള്‍ ബംഗാള്‍ സര്‍ക്കാര്‍ കൈകൊള്ളുന്നതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറയുന്നു.

'ഇത് റമദാന്‍ മാസമാണെന്നും ഹോളി വരുന്നത് വെള്ളിയാഴ്ച്ചയാണെന്നും അതിനാല്‍ ഹോളി ആഘോഷിക്കാന്‍ പറ്റില്ലെന്ന് പോലീസ് പറഞ്ഞു. ചായങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു. എതിര്‍ത്താല്‍ അറസ്റ്റുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി. രാവിലെ പത്ത് മണിക്ക് മുന്‍പായി ശാന്തി നികേതിനില്‍ നടത്തുന്ന വസന്തോത്സവ് നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച്ച ആയതിനാലാണ് നിര്‍ത്താന്‍ പറഞ്ഞതെന്നായിരുന്നു പോലീസ് പറഞ്ഞത്. ഭിന്നിപ്പിക്കുന്ന പ്രീണന രാഷ്ട്രീയമാണ് ബംഗാള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്- അധികാരി കുറ്റപ്പെടുത്തി.

ഹോളി, ഡോല്‍ ജാത്ര എന്നിവയോടനുബന്ധിച്ച് 1920കള്‍ മുതല്‍ ശാന്തിനികേതനില്‍ വസന്തോത്സവം ആഘോഷിക്കുന്നുണ്ട്.  വസന്തത്തിന്റെ ആഗമനത്തെ നിറങ്ങള്‍ കൊണ്ട് ആഘോഷിക്കുന്നുവെന്നാണ് സങ്കല്‍പ്പം.

എന്നാല്‍ ഹോളിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സംസ്ഥാന വനം വകുപ്പ് മന്ത്രി ബിര്‍ബഹ ഹന്‍സദ പറയുന്നത്. പ്രകൃതി സംരക്ഷിക്കാനുള്ള അഭ്യര്‍ത്ഥന മാത്രമാണ് ആ പോസ്റ്ററെന്നും ഹോളി ആഘോഷിക്കേണ്ടവര്‍ക്ക് ഹോളി ആഘോഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.