യുനെസ്‌കോയുടെ ലോക പൈതൃകസ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചതോടെ ലോകശ്രദ്ധയിലേക്ക് കൂടുതലായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനസ്ഥാപനമായ ശാന്തിനികേതന്‍. സൗദി അറേബ്യയില്‍ ചേര്‍ന്ന യുനെസ്‌കോയുടെ 45 മത് ലോക പൈതൃക കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്‌. ഇതോടെ ഇന്ത്യയിലെ 41ാമത് യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി മാറിയിരിക്കുകയാണ് ശാന്തിനികേതന്‍. 2010 മുതല്‍ യുനെസ്‌കോയുടെ താത്കാലിക പട്ടികയുടെ ഭാഗമായിരുന്നു ശാന്തിനികേതന്‍.

To advertise here,

1863-ല്‍ ആശ്രമമെന്ന നിലയില്‍ സ്ഥാപിതമായ ശാന്തിനികേതന്‍ പിന്നീട് 1901-ല്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു. ചരിത്രനിര്‍മ്മിതികളും, ഉദ്യാനങ്ങളും, കലാരൂപങ്ങളും പരിസ്ഥിതിയെ മനസ്സിലാക്കാന്‍ ഉതകുന്ന വിദ്യാഭ്യാസ സാംസ്‌കാരിക ധാരകളുമെല്ലാം ചേര്‍ന്നതാണ് ഈ വിദ്യാലയം. ഇവിടുത്തെ ശാന്തതയും ഭംഗിയും ആസ്വദിക്കാനായി നിരവധി സഞ്ചാരികളും ശാന്തിനികേതന്‍ തേടിയെത്താറുണ്ട്. 

placeholder
ഫോട്ടോ: മധുരാജ്

കൊല്‍ക്കത്തയില്‍ നിന്നും 165 കിലോമീറ്റര്‍ അകലെയുള്ള ബിര്‍ബും ജില്ലയിലാണ് ശാന്തിനികേതന്‍ സ്ഥിതി ചെയ്യുന്നത്. നൊബേല്‍ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച തുക മുഴുവന്‍ ടാഗോര്‍ ശാന്തിനികേതനായി ചിലവഴിക്കുകയായിരുന്നു. 1921ല്‍ ഈ വിദ്യാലയം വിശ്വഭാരതി സര്‍വകലാശാലയായി വളര്‍ന്നു. വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികളും ശാന്തിനികേതനിലെത്താറുണ്ട്. രണ്ട് ദിവസത്തോളം ചെലവഴിച്ചാല്‍ മാത്രമേ ശാന്തിനികേതനും വിശ്വഭാരതി സര്‍വകലാശാലയും കണ്ടുതീര്‍ക്കാനാവുകയുള്ളു.

placeholder
കല ഭവന്‍ | ഫോട്ടോ: മധുരാജ്

വിശ്വഭാരതി ക്യാംപസ്, വിശ്വഭാരതി മ്യൂസിയം, ബംഗ്ലാദേശ് ഭവന്‍, ബല്ലാവ്പൂര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രം, ശ്രീജനി ശില്‍പഗ്രാമം, ടാഗോര്‍ ആശ്രമം, കലാഭവന്‍, സംഗീത് ഭവന്‍, റെയില്‍ മ്യൂസിയം തുടങ്ങി നിരവധി കാഴ്ചകളാണ് ശാന്തിനികേതനില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.നിരവധി കലാമേളകളും പ്രദര്‍ശനങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം ശാന്തിനികേതനില്‍ പലസമയങ്ങളായി നടക്കാറുണ്ട്. ഇന്ത്യയുടെ മഹത്തായ കലാസാംസ്‌കാരിക പാരമ്പര്യത്തെ അറിയാന്‍ ഏറ്റവും മികച്ച ഇടങ്ങളിലൊന്ന് കൂടിയാണ് ശാന്തിനികേതന്‍. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ബോല്‍പൂര്‍ ശാന്തിനികേതനാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. സമീപത്തുള്ള വിമാനത്താവളം കൊല്‍ക്കത്തയാണ്.