
കൊല്‍ക്കത്ത: ചെന്നെയില്‍ നിന്ന് സ്വദേശമായ ബംഗാളിലേക്ക് മടങ്ങിയവര്‍ കഴിഞ്ഞ അഞ്ചു ദിവസമായി ക്വാറന്റൈനില്‍ താമസിക്കുന്നത് മരത്തിനുമുകളില്‍. പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബാംഗ്ഡി ഗ്രാമത്തില്‍ നിന്നാണീ വാര്‍ത്ത.
പത്തടി ഉയരത്തില്‍ മരത്തിനുമുകളില്‍ കിടക്കകളുണ്ടാക്കി അതില്‍ കൊതുകുവല ഘടിപ്പിച്ചാണ് ഇവര്‍ കിടന്നുറങ്ങുന്നത്. മരത്തില്‍ ലൈറ്റും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള പ്ലാഗ് പോയിന്റും വരെ ഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഇവര്‍ താഴേക്കിറങ്ങുന്നത്. മൂന്ന് നേരത്തെ ഭക്ഷണം ഇവർക്കിവിടേക്കെത്തുന്നുണ്ട്.
മരത്തിനുമുകളില്‍ കഴിയുന്ന ഏഴ്‌പേരും ചെന്നൈയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്കെത്തിയ അതിഥി തൊഴിലാളികളാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ വ്യാപിച്ച സമയത്ത് യാത്രചെയ്തതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ ഇവരോട് ക്വാറന്റൈനില്‍ വീട്ടില്‍ കഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ കുറച്ചു കൂടി സുരക്ഷിതത്വം ഉറപ്പിക്കാന്‍ ഗ്രാമവാസികള്‍ ഇവര്‍ക്ക് മരത്തിനു മുകളില്‍ സൗകര്യം ചെയ്തു നല്‍കുകയായിരുന്നു.
"ഞങ്ങള്‍ അധികം സമയവും മരത്തിലാണ് കഴിയുന്നത്. ശൗചാലയം ഉപയോഗിക്കാനും വസ്ത്രം കഴുകാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണ് ഞങ്ങള്‍ താഴേക്കിറങ്ങുന്നത്. സമ്പൂര്‍ണ്ണമായി മറ്റുള്ളവരില്‍ നിന്നു ഒറ്റപ്പെട്ടു കഴിയാന്‍ ഇതു ഞങ്ങളെ സഹായിക്കുന്നുണ്ട്. ഇതിനാല്‍ മറ്റുള്ളവര്‍ക്ക് ഒരു ഭീഷണിയാവുകയും ചെയ്യുന്നില്ല", 24കാരനായ ബിജോയ് സിങ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് തീവണ്ടി മാര്‍ഗ്ഗവും ബസ്സിലുമെല്ലാം യാത്രചെയ്ത് ഇവര്‍ ഗ്രാമത്തിലെത്തുന്നത്. എത്തിയയുടനെ നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. ഡോക്ടര്‍മാരാണ് 14 ദിവസത്തെ സമ്പർക്കവിലക്കില്‍ കഴിയാന്‍ ഇവരോട് ആവശ്യപ്പെട്ടത്.
"കുഞ്ഞു മുറികളും വീടുകളെല്ലാം അടുത്തടുത്തും ആയതിനാല്‍ ഇവര്‍ക്ക് പരിപൂര്‍ണ്ണമായി ഐസൊലേഷനില്‍ കഴിയാന്‍ സാധിക്കില്ല. വൈറസ് ബാധിതരാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും ഗ്രാമത്തിലെ മറ്റുള്ളവർക്കും പകരാന്‍ സാധ്യതയുണ്ട്". അതിനാലാണ് ഇത്തരത്തില്‍ മരത്തിനു മുകളില്‍ സൗകര്യം ചെയ്തു നല്‍കിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു.
മരത്തിനു മുകളിലാണെങ്കിലും സ്വന്തം ഗ്രാമത്തിലെത്താനായല്ലോ എന്ന ആശ്വാസത്തിലാണ് ഈ ഏഴുപേരും. ചെന്നൈയില്‍ 500 രൂപ ദിവസക്കൂലി ലഭിക്കുമായിരുന്നു. കൂലി മുഴുവനും ഉടമ തന്നിരുന്നില്ല. അത് വാങ്ങാന്‍ പോലും കാത്തുനില്‍ക്കാതെ പെട്ടെന്ന് തന്നെ കിട്ടിയ വണ്ടിക്ക് തിരികെ പോരുകയായിരുന്നു എന്നവര്‍ പറയുന്നു.
ആന ശല്യം ഉള്ള മേഖലയായതിനാല്‍ ജനം ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് സ്ഥലം എംഎല്‍എയും മന്ത്രിയുമായ ശാന്തിറാം മഹാതോ പറയുന്നു
content highlights: seven youths quarantined on tree after coming from Chennai
Published: 29 Mar 2020, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented