മുംബൈ: ഓഹരി വിപണി തട്ടിപ്പ് ആരോപണത്തില്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മുന്‍ മേധാവി മാധബി പുരി ബുച്ചിന് ആശ്വാസം. മാധബിക്കും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ബോംബെ സ്‌പെഷ്യല്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധബി പുരി ബുച്ച് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

To advertise here,

പ്രത്യേക കോടതി ജഡ്ജ് കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ സാങ്കേതികമായാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചതെന്ന് സിംഗിള്‍ ജഡ്ജ് ജസ്റ്റിസ് ശിവ്കുമാര്‍ ദിഗെ വ്യക്തമാക്കി. ആരോപിതര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാന്‍ അവസരം ലഭിച്ചില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

വിപണിയില്‍ കൃത്രിമവും അഴിമതിയും നടത്തിയതായി ആരോപിച്ച് താനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ സനാപ് ശ്രീവാസ്തവ നല്‍കിയ ഹര്‍ജിയിലാണ് പ്രത്യേക കോടതി ജഡ്ജ് എസ്.ഇ. ബങ്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കൃത്യനിര്‍വഹണത്തിലെ വീഴ്ചകള്‍ക്കും ഗൂഢാലോചനയ്ക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പ്രസ്താവിച്ചിരുന്നു.