ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ക്ക്  വീഴ്ചപറ്റിയെന്ന് പറയാനാകില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. സെബിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് സമിതി വിലയിരുത്തി.  ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍.

To advertise here,

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഓഹരിവിപണിയുമായി ബന്ധപ്പെട്ട് സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. അന്വേഷണം നടത്തിയശേഷം സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഘട്ടത്തില്‍ സെബിക്ക് വീഴ്ച പറ്റിയെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഓഹരിവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും സെബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സെബിയുടെ വിശദീകരണം അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് സുപ്രീംകോടതി ആഗസ്റ്റ് 14 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ സെബിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് സെബിക്ക് ആശ്വാസകരമാണ്.