ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ തന്റെ ഡീപ്‌ ഫേക്ക് ചിത്രങ്ങളില്‍ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ തെണ്ടുല്‍ക്കര്‍. തന്റെ പേരില്‍ എക്‌സിലുള്ള അക്കൗണ്ട് വ്യാജമാണെന്നും സാറ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോടായി പറഞ്ഞു. 

To advertise here,

'നമ്മുടെ സന്തോഷവും സങ്കടങ്ങളും ദിവസേനയുള്ള കാര്യങ്ങളുമൊക്കെ പങ്കുവെയ്ക്കാന്‍ ഏറ്റവും മനോഹരമായ ഇടമാണ് സാമൂഹ്യ മാധ്യമങ്ങള്‍. എന്നാല്‍ സാങ്കേതികത ദുരുപയോഗം ചെയ്ത് സത്യത്തെയും ഇന്റര്‍നെറ്റിന്റെ ആധികാരികതെയും ഇല്ലാതാക്കുന്നത് അലോസരപ്പെടുത്തുന്നതാണ്. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത എന്റെ ചില ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ ഞാനും കണ്ടിരുന്നു', സാറ എഴുതി. 

'എന്നെ അനുകരിക്കാനും ആളുകളെ തെറ്റിധരിപ്പിക്കാനും വേണ്ടിയാണ് എക്‌സില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. എനിക്ക് എക്‌സില്‍ അക്കൗണ്ടില്ല. ഇത്തരം അക്കൗണ്ടുകള്‍ എക്‌സ് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'. എക്‌സ് വിഷയത്തില്‍ നടപടി എടുക്കണമെന്ന ഉദ്ദേശത്തോടെ സാറ കൂട്ടിച്ചേര്‍ത്തു. 

സത്യത്തിന് വിലയിടുന്ന രീതിയിലേക്ക് വിനോദം വരരുത്. വിശ്വാസവും യാഥാര്‍ഥ്യവും അടിസ്ഥാനമാക്കിയുള്ള ആശയവിനിമയം നമുക്ക് പ്രോത്സാഹിപ്പിക്കാം, എന്നു പറഞ്ഞുകൊണ്ടാണ് സാറ പ്രസ്താവന അവസാനിപ്പിക്കുന്നത്. 

placeholder
സാറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പ്
സാറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പ്
​​​​​​

 അടുത്ത കാലത്തായി രശ്മിക മന്ദാന, കാജോള്‍, കത്രീന കൈഫ് തുടങ്ങി നിരവധി താരങ്ങള്‍ ഡീപ്‌ഫേക്കുകള്‍ക്ക് ഇരയായിരുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി നിര്‍മിക്കുന്ന, യഥാര്‍ഥമെന്ന് തോന്നുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദം ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങൾ തുടങ്ങിയവയെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്.