മുംബൈ: വിജയ് മല്യയെ പിന്തുണച്ച് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. രണ്ടുതവണ രാജ്യസഭാ എം.പി ആയിരുന്ന മല്യയ്ക്ക് ആരെയും വഞ്ചിക്കാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നും ബിസിനസ് തകർന്നതിനെ തുടർന്ന് ഇന്ത്യ വിടാൻ നിർബന്ധിതനായതാണെന്നും റാവത്ത് തൻ്റെ പുതിയ പുസ്തകമായ 'ബോധ് കീർത്തനിൽ' അഭിപ്രായപ്പെട്ടു.
പാർലമെന്റിലെയും സെൻട്രൽ ഹാളിലെയും ഇടപെടലുകളിലൂടെ മല്യയെ തനിക്ക് അടുത്തറിയാമായിരുന്നു. ഉദാരമനസ്കനായ മല്യ, പല പാർലമെന്ററി നേതാക്കളേക്കാളും ദേശാഭിമാനിയായിരുന്നു. മല്യയുടെ ആഡംബര ജീവിതശൈലി അദ്ദേഹത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാക്കിയെങ്കിലും ബിസിനസിന് അത് ആവശ്യമായിരുന്നിരിക്കാം. അദ്ദേഹം പുസ്തകത്തിൽ കുറിച്ചു.
മല്യയെ 'പിടികിട്ടാപ്പുള്ളി' എന്ന് വിശേഷിപ്പിക്കുന്നതിനെ എതിർത്ത റാവത്ത്, ബിസിനസ് തകർന്നപ്പോൾ ബാങ്കുകൾ അദ്ദേഹത്തെ സഹായിക്കുകയാണ് വേണ്ടയിരുന്നത് എന്ന് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ മോദി സർക്കാർ നിരവധി വ്യവസായികളുടെ വായ്പകൾ എഴുതിത്തള്ളിയെന്നും എന്നാൽ മല്യയ്ക്ക് സാമ്പത്തിക ആശ്വാസമായിരുന്നു ആവശ്യമായിരുന്നത് എന്നും റാവത്ത് വാദിക്കുന്നു. കിംഗ്ഫിഷർ എയർലൈൻസിന്റെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിൽ 2016 മാർച്ചിൽ ഇന്ത്യ വിട്ട മല്യയെ 2019-ൽ മുംബൈ കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
പുസ്തകത്തിലെ 'ദീപസ്തംഭ്' എന്ന അധ്യായത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളെക്കുറിച്ചും റാവത്ത് പരാമർശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗങ്ങളിൽ കാമ്പില്ലെന്നും അവ താല്പര്യജനകമല്ലെന്നും പറയുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇതര പ്രസംഗങ്ങൾ കേൾക്കാനും വായിക്കാനും താല്പര്യമുള്ളവയാണെന്ന് റാവത്ത് അഭിപ്രായപ്പെടുന്നു. 2022 ഒക്ടോബറിൽ അയോധ്യ ദീപോത്സവത്തിൽ ശ്രീരാമനെക്കുറിച്ച് മോദി നടത്തിയ പ്രസംഗത്തെ "വാക്കുകളാലുള്ള വികാരനിർഭരമായ ദീപാവലി" എന്നാണ് റാവത്ത് വിശേഷിപ്പിച്ചത്.
Published: 31 Oct 2026, 11:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented