ന്യൂഡൽഹി: സ്മാർട്ട്‌ ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിൽ വ്യാപക പ്രതിഷേധം.

To advertise here,

സ്വേച്ഛാധിപത്യ ഭരണകൂടം പൗരാവകാശങ്ങൾ കണ്ടുകെട്ടുന്നതിനും നിയന്ത്രിക്കുന്നതിനും ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. പെഗാസസ് ചാരസോഫ്റ്റ്‌വേറിലൂടെ പ്രതിപക്ഷ നേതാക്കളും ജഡ്ജിമാരും മാധ്യമപ്രവർത്തകരും കേന്ദ്രമന്ത്രിമാരുമടങ്ങുന്ന നൂറിലധികംപേരുടെ ഫോണുകൾ ബിജെപി ചോർത്തിയിരുന്നു. പൗരന്റെ സ്വകാര്യത സുപ്രീംകോടതിയിൽ മൗലികാവകാശമായി പ്രഖ്യാപിക്കുന്നത് മോദിസർക്കാർ എതിർത്തതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാർ സാഥി രഹസ്യാന്വേഷണ ആപ്പാണെന്നും അത് ഇൻസ്റ്റാൾ ചെയ്യുന്നത് പരിഹാസ്യമാണെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.

സർക്കാർ കാണാതെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സന്ദേശങ്ങൾ അയക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടാവണമെന്നും ബിജെപി രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റുകയാണെന്നും പ്രിയങ്ക പറഞ്ഞു.

ജനങ്ങളുടെ ഫോണിലെ വിവരങ്ങൾ ബിഗ് ബ്രദറിന് കാണാനും കേൾക്കാനും അവസരം ഒരുക്കുകയാണിതിലൂടെയെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. എസ്ഐആറിനെപ്പോലെ പൗരന്മാരുടെ അവകാശങ്ങൾ കുറയ്ക്കുന്ന മറ്റൊരു ഉപകരണമാണ് സഞ്ചാർ സാഥിയെന്നും കോൺഗ്രസ് എംപി രേണുക ചൗധരി രാജ്യസഭയിൽ പറഞ്ഞു.

നിരീക്ഷണരാജ്യമാക്കാനുള്ള മാർഗം -ജോൺ ബ്രിട്ടാസ്

രാജ്യത്തെ നിരീക്ഷണരാജ്യമാക്കാനുള്ള മാർഗമാണിതെന്ന് സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് ആരോപിച്ചു. അപകടകരമായ ആപ്പാണ് സഞ്ചാർ സാഥിയെന്നും അമേരിക്കയിലെ ക്രിമിനൽപ്പുള്ളികൾ വീട്ടിലേക്കുപോകുമ്പോൾ കാലിൽ അടയാളംവെക്കുംപോലുള്ള അപകടകരമായ ആപ്പാണിതെന്നും ബ്രിട്ടാസ് പറഞ്ഞു. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക്‌ ബ്രിട്ടാസ് കത്തയച്ചു.

പൗരന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് -മന്ത്രി സിന്ധ്യ

ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിന്റെ പരമപ്രധാന ഉത്തരവാദിത്വമാണെന്നും ഇതിനുള്ള ശക്തമായ ചുവടുവെപ്പാണ് സഞ്ചാർ സാഥിയെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മൊബൈൽ നമ്പറുകൾ സംരക്ഷിക്കുക, വ്യാജ കണക്‌ഷനുകൾ തിരിച്ചറിയുക, നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ ഫോണുകൾ ട്രാക്ക് ചെയ്യുക, സൈബർ തട്ടിപ്പ് തടയുക തുടങ്ങിയ പ്രധാനപ്പെട്ട ജോലികൾ ആപ്പിലൂടെ ചെയ്യാനാവും. സഞ്ചാർ സാഥി തുടങ്ങിയ ശേഷം 21.5 കോടിപ്പേർ പോർട്ടൽ സന്ദർശിച്ചു. 1.4 കോടിപ്പേർ ഡൗൺലോഡ് ചെയ്തു. 1.43 കോടിപ്പേർ മൊബൈൽ നമ്പർ തങ്ങളുടേതല്ലെന്ന് വ്യക്തമാക്കിയതിനാൽ കണക്‌ഷനുകൾ റദ്ദാക്കി. മോഷ്ടിക്കപ്പെട്ടതും കളഞ്ഞുപോയതുമായ 26 ലക്ഷം ഫോണുകളിൽ 7.23 ലക്ഷം തിരിച്ചുകിട്ടി. പൗരന്മാരുടെ പരാതിയിൽ 40.96 വ്യാജ കണക്‌ഷനുകൾ റദ്ദാക്കി. 6.2 കോടി ഐഎംഇഐ ലിങ്ക്ഡ് ഫോണുകൾ ബ്ലോക്ക് ചെയ്തു. 475 കോടിയുടെ സാമ്പത്തികമോഷണം തടയാനായെന്നും മന്ത്രി പറഞ്ഞു.