ഇന്ത്യയില്‍ ഉപയോഗത്തിലുള്ള സ്മാര്‍ട്‌ഫോണുകളിലെല്ലാം കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ സഞ്ചാര്‍ സാഥി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന നിര്‍ദേശത്തെ എതിര്‍ക്കാനൊരുങ്ങുകയാണ് ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും ഗൂഗിളും. സിസ്റ്റം സുരക്ഷ, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാവും ഈ നീക്കമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

To advertise here,

സഞ്ചാര്‍ സാഥി ആപ്പ് സ്മാര്‍ട്‌ഫോണുകളില്‍ നിര്‍ബന്ധിതമാക്കുന്നതിനെതിരെ ആപ്പിള്‍ നേരത്തെ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ആപ്പുകള്‍ ഇന്‍ബില്‍റ്റ് ആയി ഉള്‍പ്പെടുത്തില്ലെന്നത് സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ആപ്പിള്‍ കമ്പനിയുടെ നയത്തിന്റെ ഭാഗമാണ്. ലോകത്ത് ഒരുരാജ്യത്തും കമ്പനി ഇങ്ങനെ ചെയ്യാറില്ലെന്നും അതുകൊണ്ട് ഇന്ത്യയില്‍ നിര്‍ദേശം പാലിക്കാന്‍കഴിയില്ലെന്ന് ആപ്പിള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സര്‍ക്കാര്‍ ആപ്പുകളോട് ഗൂഗിളിനും ഇതേ നയമാണ്. ലോകത്തെവിടെയും സര്‍ക്കാര്‍ ആപ്പുകള്‍ ഒന്നും തന്നെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാറില്ല.

തട്ടിപ്പുകാരുടെ ഫോണ്‍ വിളികള്‍, സന്ദേശങ്ങള്‍, മോഷണം പോയ ഫോണുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതുള്‍പ്പടെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനായി ടെലികോം മന്ത്രാലയം അവതരിപ്പിച്ച സൈബര്‍ സുരക്ഷാ ആപ്ലിക്കേഷനാണ് സഞ്ചാര്‍ സാഥി. നവംബര്‍ 28 നാണ് ഈ ആപ്ലിക്കേഷന്‍ ഇന്ത്യയിലെ എല്ലാ പുതിയ ഫോണുകളിലും പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിലവില്‍ ഉപയോഗത്തിലുള്ള ഫോണുകളില്‍ അപ്‌ഡേറ്റ് വഴി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറക്കിയത്.

എന്നാല്‍ നിര്‍ദേശം പാലിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും. പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാതെ മറ്റ് രീതികളില്‍ സഞ്ചാര്‍ സാഥി ആപ്പ് വിതരണം ചെയ്യാനുള്ള മാര്‍ഗങ്ങളാവും ഗൂഗിളും ആപ്പിളും മുന്നോട്ടുവെക്കുക.

സാംസങ് സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ചുവരികയാണ്. ഇതില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

120 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 65 കോടി പേര്‍ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും വലിയ ഫോണ്‍ വിപണി കൂടിയാണ് ഇന്ത്യ. പ്രതിപക്ഷ പാര്‍ട്ടികശളും, പൊതു ജനങ്ങളും സ്വകാര്യത ഉന്നയിച്ച് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പെഗാസസ് സ്‌പൈവെയറിനെ പോലെ ഭാവിയില്‍ ഈ ആപ്പ് ഉപഭോക്താക്കളെ രഹസ്യമായി നിരീക്ഷിക്കാനും വിവരങ്ങള്‍ ചോര്‍ത്താനും ഉപയോഗിച്ചേക്കാമെന്ന ആശങ്കയാണ് അവര്‍ ഉന്നയിക്കുന്നത്.