ന്യൂഡൽഹി: രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാരിന്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താനുള്ള നീക്കത്തിൽ വിശദീകരണവുമായികേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ‘സഞ്ചാർ സാഥി’ ആപ്പ് ഉപഭോക്താക്കളുടെ ഫോണുകളിൽ നിർബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
എല്ലാ ഫോണുകളിലും നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ മൊബൈൽ നിർമാണക്കമ്പനികൾക്ക് നിർദേശം നൽകിയെങ്കിലും സഞ്ചാര്‍ സാഥി ആപ്പ് ഉപയോക്താവിന് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്കുള്ള ഇന്ത്യൻ സർക്കാരിന്റെ നിർദേശം സ്വകാര്യത സംബന്ധിച്ച ആശങ്കകൾക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം വിശദീകരണവുമായയെത്തിയത്.
‘രാജ്യത്ത് വിൽക്കുന്ന ഫോണുകളുടെ ആധികാരികത പരിശോധിക്കുന്നതിനും ഫോൺ നഷ്ടപ്പെട്ടാൽ ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയുള്ള ഒരു മാർഗമായാണ് സർക്കാർ ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ആളുകളുടെ സുരക്ഷിതത്വബോധം വർധിപ്പിക്കും. ജനങ്ങളുടെ ഡാറ്റ സുരക്ഷിതമായിരിക്കും, കൂടാതെ ഉറപ്പാക്കേണ്ട പൗരസംരക്ഷണത്തിന്റെ എല്ലാ വശങ്ങളും ഡിജിറ്റലായി സംരക്ഷിക്കപ്പെടും’, അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാരിന്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താൻ കേന്ദ്രം മൊബൈൽ നിർമാണക്കമ്പനികൾക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഈ ആപ്പ് ഉപഭോക്താക്കൾ ഡിലീറ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിർദേശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
രാജ്യത്ത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ പെരുകിവരുന്ന സാഹചര്യത്തിൽ അവയുടെ ഐഎംഇഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ആപ്പാണ് സഞ്ചാർ സാഥി. 2024 ജനുവരിയിലാണ് ഇതവതരിപ്പിച്ചത്. ഈ പ്ലാറ്റ്ഫോമുപയോഗിച്ച് ഇതുവരെ നഷ്ടമായ ഏഴുലക്ഷത്തോളം ഫോണുകൾ കണ്ടെത്താൻകഴിഞ്ഞതായാണ് സർക്കാർ കണക്കുകൾ. ഒക്ടോബറിൽമാത്രം 50,000 ഫോണുകൾ കണ്ടെത്തിയതായും പറയുന്നു.
രാജ്യത്തെ പ്രധാന മൊബൈൽ ഫോൺ ഉത്പാദകരായ ആപ്പിൾ, സാംസങ്, ഷവോമി, വിവോ, ഒപ്പോ എന്നിവ നിർബന്ധമായും നിബന്ധന പാലിക്കണമെന്നായിന്നു നിർദേശം. നവംബർ 28-നാണ് കേന്ദ്ര വാർത്താവിതരണമന്ത്രാലയം ഇതുസംബന്ധിച്ച നിർദേശംനൽകിയത്. നിലവിൽ വിതരണഘട്ടത്തിലുള്ള ഫോണുകളിൽ സോഫ്റ്റ്‌വേർ അപ്ഡേഷന്റെ സമയത്ത് ആപ്പ് ഉൾപ്പെടുത്തണം. കമ്പനികൾക്ക് പ്രത്യേകമായാണ് ഉത്തരവ് കൈമാറിയിരിക്കുന്നതെന്നാണ് അറിയുന്നത്.
സൈബര്‍ സുരക്ഷയ്ക്ക് നിർണായകം
മൊബൈൽ ഫോണുകളിലെ ഐഎംഇഐ നമ്പർ തിരുത്തുകയോ പകർത്തുകയോചെയ്യുന്ന സാഹചര്യങ്ങളിൽ ടെലികോം മേഖലയിലെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് ആപ്പ് നിർണായകമാണെന്ന് സർക്കാർ പറയുന്നു. അതേസമയം, ആപ്പിളിന്റെ സ്വകാര്യതാനയത്തിന് വിരുദ്ധമാണിതെന്ന് വാദമുണ്ട്. സ്പാം തടയുന്നതിനുള്ള ആപ്പ് ഉൾപ്പെടുത്താൻ നേരത്തേ ആപ്പിൾ വിസമ്മതിച്ചിരുന്നു. ആപ്പിളിന്റെ നയമനുസരിച്ച് പ്രൊപ്രൈറ്ററി ആപ്പുകൾ മാത്രമാണ് കമ്പനി നിർമാണഘട്ടത്തിൽ ഇൻസ്റ്റാൾചെയ്യുക. തേഡ് പാർട്ടി ആപ്പുകൾ വിൽപ്പനയ്ക്കുമുൻപായി ഇൻസ്റ്റാൾചെയ്യുന്നത് കമ്പനിയുടെ നയത്തിനുവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Content Highlights: Centre clarifies Sanchar Saathi app is not mandatory for users on new smartphones.
Published: 02 Dec 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented