ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം രാജ്യത്തിന്റെ നിലപാട് ലോകത്തെ അറിയിക്കാനുള്ള ഇന്ത്യയുടെ ആഗോള ദൗത്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ട്ടിയില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. "ഭീകരവാദത്തിനെതിരായ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ സന്ദേശം ലോകത്തിന് മുന്നിലെത്തിക്കാനുള്ള യാത്രയില്‍ രാഷ്ട്രീയവിശ്വാസം കണക്കിലെടുക്കുന്നത് വേദനാജനകമാണ്. ദേശസ്നേഹിയാവാൻ ഇത്ര പ്രയാസമോ?" സര്‍വകക്ഷി പ്രതിനിധി സംഘത്തിലെ അംഗവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് 'എക്‌സി'ല്‍ ചോദിച്ചു.
വിദേശ സന്ദര്‍ശനത്തിനിടെ, അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഖുര്‍ഷിദിന്റെ മറുപടി. 370-ാം അനുച്ഛേദം റദ്ദാക്കിയത് ജമ്മു-കശ്മീരിലെ വിഘടനവാദപ്രശ്‌നം അവസാനിപ്പിച്ചതായും ഇത് മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമായെന്നും ഖുര്‍ഷിദ് പറഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ രൂപീകരണവും സാധ്യമായി. ഖുര്‍ഷിദിന്റെ ഈ പരാമര്‍ശത്തിന് പാര്‍ട്ടിയില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു
ജനതാദള്‍ (യുണൈറ്റഡ്) എംപി സഞ്ജയ് കുമാര്‍ ഝാ നയിക്കുന്ന പ്രതിനിധി സംഘത്തിന്റെ ഭാഗമാണ് ഖുര്‍ഷിദ്. സംഘം ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ജപ്പാന്‍, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നിലവില്‍ മലേഷ്യന്‍ പര്യടനത്തിലാണ് സംഘം.
കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപിയും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നു. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഏല്‍പ്പിച്ച ദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഈ ഘട്ടത്തില്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോള്‍ സഹപ്രവര്‍ത്തകരോടും വിമര്‍ശകരോടും മാധ്യമങ്ങളോടും സംസാരിക്കാന്‍ അവസരം ലഭിക്കും. ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലും ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നതിലുമാണ്. തരൂരിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Congress leader Salman Khurshid criticizing internal party dissent.
Published: 02 Jun 2025, 07:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented