കോണ്‍ഗ്രസില്‍ സച്ചിന് പൈലറ്റ് യുഗത്തിന് ഏതാണ്ട് തിരശീല വീണുകഴിഞ്ഞു. ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ പദങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട സച്ചിന്റെ ഭാവി എന്തെന്ന ചോദ്യമാണ് ബാക്കി. 2013-ല്‍ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയാണ് സച്ചിനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. അടിത്തറ ഇളകിയ സംഘടനയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനമെങ്ങും ഓടി നടന്നു. ഡല്‍ഹിയില്‍നിന്നു ജയ്പുരിലേക്ക് താമസം മാറ്റി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ പ്രവര്‍ത്തകര്‍ക്കൊപ്പം ബി.ജെ.പി. സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് നേതൃത്വം നല്കി.
2017-ല്‍ അശോക് ഗഹ്ലോത്തിനെ എ.ഐ.സി.സി. സംഘടനകാര്യ ജനറല്‍ സെക്രട്ടറിയാക്കിയതോടെ രാജസ്ഥാന്റെ ഭാവി മുഖ്യമന്ത്രി സച്ചിനാകുമെന്ന അഭ്യൂഹവും ശക്തമായി. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. സച്ചിന് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ അശോക് ഗഹ്ലോത് രംഗപ്രവേശം ചെയ്തു. ഭൂരിഭാഗം എം.എല്‍.എമാരും മുഖ്യമന്ത്രിയായി ഗഹ്ലോത്തിനെ പിന്തുണച്ചതോടെ സച്ചിന് അപ്രസക്തനായി. ഹൈക്കമാന്‍ഡും ഗഹ്ലോത്തിനൊപ്പം നിന്നു. ഉപമുഖ്യമന്ത്രി പദവും പി.സി.സി. സ്ഥാനവും നല്കി ഹൈക്കമാന്‍ഡ് സച്ചിനെ തളച്ചു.
പണി തുടങ്ങി ഗഹ്ലോത്
ഉപമുഖ്യമന്ത്രിയായ സച്ചിന് കൈകാര്യം ചെയ്തിരുന്നത് അഞ്ചു വകുപ്പുകളായിരുന്നു. പൊതുമരാമത്ത്, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, ശാസ്ത്രസാങ്കേതികം, സ്റ്റാറ്റിസ്റ്റിക്സ്. എന്നാല്‍ വകുപ്പ് സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ സച്ചിനെ അനുവദിച്ചിരുന്നില്ല. ഉദ്യോഗസ്ഥ നിയമനം മുതല്‍ പദ്ധതി നടത്തിപ്പ് വരെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടു നടത്തി. വകുപ്പുകള്‍ക്ക് വേണ്ട ഫണ്ടുകള്‍ തടഞ്ഞുവെച്ച ഗഹ്ലോത് മന്ത്രിസഭ യോഗങ്ങളിലും സച്ചിനെ തഴഞ്ഞു. പല നിര്‍ണായക തീരുമാനങ്ങളും സച്ചിനെ അറിയിക്കേണ്ടെന്നു ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
പി.സി.സി. അധ്യക്ഷനാണെങ്കിലും പാര്‍ട്ടിയിലും ഗഹ്ലോത് സച്ചിന്റെ ചിറകരിഞ്ഞു. ഗഹ്ലോത് അനുകൂല എം.എല്‍.എമാരും നേതാക്കളും സച്ചിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനേയും ഒരു പോലെ പ്രതിസന്ധിയിലാക്കി. ഒരേ വിഷയത്തില്‍ ഇരു നേതാക്കളും പരസ്പരവിരുദ്ധ പ്രസ്താവനകള്‍ ഇറക്കി. പാര്‍ട്ടിയും സര്‍ക്കാരും രണ്ടു വഴിക്കായി. സര്‍ക്കാരിലും പാര്‍ട്ടിയിലും നിരന്തരം അപമാനിതനായ സച്ചിന് പലതവണ ഹൈക്കമാന്‍ഡിന്റെ സഹായം തേടിയെങ്കിലും വാതില്‍ തുറന്നില്ല.
ഗഹ്ലോതിന്റെ ട്രമ്പ് കാര്‍ഡ്
രാജ്യസഭാ തിരഞ്ഞെടുപ്പ് സച്ചിനെ ഒതുക്കാനുള്ള ആയുധമാക്കുകയായിരുന്നു ഗഹ്ലോത്. എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ഗഹ്ലോത് ബി.ജെ.പിയേയും മോഹിപ്പിച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബിജെപി 15 കോടി വാഗ്ദാനം ചെയ്തതിന് പിന്നില്‍ സച്ചിന് പങ്കുണ്ടെന്ന് ഗഹ്ലോത് വിഭാഗം പ്രചരിപ്പിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിക്കൊപ്പം ശ്രമിക്കുന്നതായ ആരോപണവും ഉന്നയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോഴ ആരോപണത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി കൂടിയായ ഗഹ്ലോത് ലക്ഷ്യമിട്ടത് സച്ചിനെയാണ്.
സച്ചിനൊപ്പം നിന്ന രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതോടെ സച്ചിന് അസ്വസ്ഥനായി. മുഖ്യമന്ത്രിക്കും നോട്ടീസ് ഉണ്ടെന്നായിരുന്നു ഗഹ്ലോത് പക്ഷത്തിന്റെ ന്യായീകരണം. പുകച്ചു പുറത്തു ചാടിക്കുകയെന്ന തന്ത്രമാണ് പയറ്റിയത്. ഗഹ്ലോതിന്റെ തന്ത്രത്തില്‍ സച്ചിന് വീണതിന്റെ സൂചനയായിരുന്നു വിമത നീക്കം.
ഡല്‍ഹിയില്‍ എത്തിയ സച്ചിന് പൈലറ്റിനെ ഹൈക്കമാന്‍ഡ് തഴഞ്ഞു. അഭിപ്രായ ഭിന്നത പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്യാന്‍ ആയിരുന്നു നിര്‍ദ്ദേശം. എന്നിട്ടും സച്ചിന് വഴങ്ങാതായതോടെയാണ് ഉപമുഖ്യമന്ത്രി, പി.സി.സി. അധ്യക്ഷ സ്ഥാനങ്ങളില്‍ നിന്നുള്ള പുറത്താക്കല്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ എത്ര ഉന്നതന് ആയാലും നടപടി നേരിടേണ്ടി വരുമെന്ന ശക്തമായ താക്കീതാണ് ഉപമുഖ്യമന്ത്രി പദത്തില്‍നിന്നു സച്ചിനെ പുറത്താക്കിയതിലൂടെ ഗഹ്ലോത് നല്‍കിയത് ആടിയുലഞ്ഞു നില്ക്കുന്ന എം.എല്‍.എമാര്‍ക്കുള്ള മുന്നറിയിപ്പ്.

കണക്കുകളില്‍ ഗഹ്ലോത് പ്രതീക്ഷയില്‍
സച്ചിനും ഒപ്പമുള്ള 16 പേര് പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ താഴെ വീഴില്ലെന്ന ആത്മവിശ്വാസത്തിലാണ് ഗഹ്ലോത്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഏത് തന്ത്രവും സ്വീകരിക്കാനുള്ള അധികാരവും ഹൈക്കമാന്‍ഡ് ഗഹ്ലോതിന് നല്കി. വിമത നീക്കത്തിന് മുന്‍പുള്ള സാഹചര്യം അനുസരിച്ച് 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 സീറ്റ് ഉണ്ട്. ഇതിന് പുറമെ 12 സ്വതന്ത്ര എംഎല്‍എ മാരുടെയും രാഷ്ട്രീയ ലോക് ദള്‍, സി.പി.എം. എന്നിവരുടെ 2 എം.എല്‍.എമാരുടെയും പിന്തുണ സര്‍ക്കാരിന് ഉണ്ട്. ആകെ 122. നേരത്തെ സര്‍ക്കാറിനെ പിന്തുണച്ച ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാര്‍ ഇപ്പോള്‍ നിഷ്പക്ഷ നിലപാടിലാണ്.
സച്ചിനെ പിന്തുണയ്ക്കുന്ന 17 പേര് പിന്‍വാങ്ങിയതോടെ സര്‍ക്കാരിന്റെ അംഗബലം 105 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 101 പേരുടെ പിന്തുണയാണ്. അശോക് ഗഹ്ലോത് ഇന്ന് വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ 102 പേര് പങ്കെടുത്തുവെന്നാണ് അവകാശവാദം. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 107 എം.എല്‍.എമാരുടെ പട്ടിക ഗഹ്ലോത് പിന്നീട് ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭ വിളിച്ച് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുന്നത് അടക്കുള്ള കാര്യങ്ങളില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും. എന്നാല്‍ ബി.ജെ.പി. അവിശ്വസ പ്രമേയം സംബന്ധിച്ച് ഇതുവരെ തീരുമാനം എടുക്കാത്തത് അശോക് ഗഹ്ലോതിന് ആശ്വാസമാകുന്നു. എന്തായാലും അടുത്ത നിയമസഭാ സമ്മേളനം വരെ എം.എല്‍.എമാരെ സ്വന്തം പാളയത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയെന്നത് ഗഹ്ലോതിനും സച്ചിനും ദുഷ്ക്കര ദൗത്യമാകും.
Content Highlights: Sachin Pilot Rajasthan political crisis Ashok Gehlot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..