ജയ്പുര്‍: 2018 രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മിന്നും വിജയം പ്രവചിച്ചിരിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് ജയ്പുര്‍ ജില്ലാ അധ്യക്ഷന്‍ പ്രതാപ് സിങ് ഖജാരിയവാസിന്റെ ഒരു വീഡിയോ വൈറലായിരുന്നു. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട് 'അശോക് ഗഹ്‌ലോതിന് തീരുമാനിക്കാന്‍ കഴിയില്ല. ആരാണ് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനിക്കും'. അന്ന് രാഹുലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സച്ചിന്‍ പൈലറ്റിന്റെ വലംകൈയായിട്ടാണ് പ്രതാപ് സിങ് ഖജാരിയവാസിയെ അന്ന് അറിയിപ്പെട്ടിരുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിന് ഗഹ്‌ലോത് പക്ഷ നേതാക്കള്‍ക്കെതിരെ മുന്നിട്ട് നിന്നിരുന്നത് പ്രതാപ് സിങായിരുന്നു.

To advertise here,

എന്നാല്‍ പൈലറ്റിനെ പിന്തള്ളി ഗഹ്‌ലോത് മുഖ്യമന്ത്രിയായി, പൈലറ്റിന് ഉപമുഖ്യമന്ത്രി പദത്തില്‍ ഒതുങ്ങേണ്ടി വന്നു. രണ്ട് വര്‍ഷത്തിന് ശേഷം വിമത നീക്കം നടത്തി. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനായി ഗഹ്‌ലോതിനോട് കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി പദം ഒഴിയാന്‍ ആവശ്യപ്പെട്ടു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും കരുതിയെങ്കിലും ഗഹ്‌ലോത് അനുഭാവികള്‍ വന്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ട്ടിയെ തന്നെ പ്രതിസന്ധിയാലക്കികൊണ്ടുള്ള ഗഹ്‌ലോത് പക്ഷത്തിന്റെ പ്രധാന വക്താവായി എത്തിയിരിക്കുന്നത് പൈലറ്റിന്റെ വലംകൈയായിരുന്ന പ്രതാപ് സിങ് ഖജാരിയവാസിയാണെന്നത് ശ്രദ്ധേയം. ഗഹ്‌ലോത് മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രികൂടിയാണ് അദ്ദേഹം.

ഞായറാഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശമനുസരിച്ച് വിളിച്ച് ചേര്‍ത്ത നിയമസഭാകക്ഷി യോഗം ബഹിഷ്‌കരിക്കുന്നതിനും ബദല്‍ യോഗം ചേരുന്നതിനും മുന്നില്‍ നിന്നത് പ്രതാപ് സിങ് ഖജാരിയവാസിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഗഹ്ലോത് പക്ഷ എംഎല്‍എമാര്‍ സ്പീക്കറെ രാജിക്കത്തുമായി സ്പീക്കര്‍ക്ക് മുന്നിലെത്തിയതും. 'ജനാധിപത്യം എന്നത് സംഖ്യാപരമായ ഭൂരിപക്ഷമാണ്, അതില്‍ ഭൂരിപക്ഷം കിട്ടുന്ന വ്യക്തി മാത്രമേ നേതാവാകൂ. ഒരു വശത്ത് 100 എംഎല്‍എമാരുണ്ട്, മറുവശത്ത് 10-15 എംഎല്‍എമാരുണ്ട്' പ്രതാപ് സിങ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ പറഞ്ഞു.

രാഷ്ട്രീയ ജീവിതവും പൈലറ്റുമായുള്ള അടുപ്പവും

അമ്മാവന്റെ  പാതയിലൂടെയാണ് പ്രതാപ് സിങ്  ഖജാരിയവാസ് രാഷ്ട്രീയത്തിലേക്കെത്തിയത്. അമ്മാവന്‍ ഭൈറോം സിങ് ശെഖാവത്ത് ബിജെപിയുടെ സ്ഥാപക നേതാവാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഉപരാഷ്ട്രപതിയും ആയിട്ടുണ്ട് അദ്ദേഹം. രജപുത്ര അഭിമാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്. ബിജെപിയിലും യുവമോര്‍ച്ചയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശെഖാവത്ത് ഡല്‍ഹിയിലേക്ക് പോയതോടെ, അക്കാലത്ത് രാജസ്ഥാന്‍ ബിജെപിയിലെ പുതിയ മുഖമായിരുന്ന വസുന്ധര രാജെയുടെ അടുത്ത സഹായിയായി ഖജാരിയവാസ് മാറി. എന്നാല്‍ 2004-ല്‍ ജയ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തതോടെ കോണ്‍ഗ്രസിലേക്ക് ചാടി. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അദ്ദേഹം കോണ്‍ഗ്രസില്‍ തുടര്‍ന്നു. 2008-ല്‍ നിയമസഭയിലേക്ക് മത്സരിച്ച് ആദ്യമായി ജയിച്ചു. എന്നാല്‍ 2013-ലെ തിരഞ്ഞെടുപ്പില്‍ തോറ്റു. 

2014-ല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി സച്ചിന്‍ പൈലറ്റിനെ നിയമിച്ചു. പൈലറ്റിന്റെ വലംകൈയായി പ്രവര്‍ത്തിച്ചു തുടങ്ങി. വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരായ സമരങ്ങളിലും പ്രതിഷേധങ്ങളിലും പൈലറ്റിനൊപ്പം മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു. 2018-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന രജപുത്ര വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വഴിമാറ്റുന്നതില്‍ അദ്ദേഹത്തിന് പ്രധാനപങ്കാളിത്തമുണ്ടായിരുന്നു.

2020-ല്‍ അശോക് ഗഹ്‌ലോതിനെ താഴെയിറക്കാന്‍ നടത്തിയ വിമത നീക്കത്തോടെയാണ് പ്രതാപ് സിങ് ഖജാരിയവാസ് പൈലറ്റുമായി അകലുന്നത്. വിമത നീക്കത്തിന് തൊട്ടുമുമ്പ് ഖജാരിയവാസ് നേതൃത്വം നല്‍കിയിരുന്ന ഗതാഗത വകുപ്പില്‍ രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ വലിയ കുംഭകോണം കണ്ടെത്തുകയും നിരവധി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഗഹ്‌ലോതിന്റെ അപ്രതീക്ഷിത നീക്കമായിരുന്നു ഇത്.

നാല് മാസങ്ങള്‍ക്ക് ശേഷം പൈലറ്റ് 18 എംഎല്‍എമാരേയും കൂട്ടി വിമത നീക്കം നടത്തിയപ്പോള്‍ ഖജാരിയവാസ് അവര്‍ക്കൊപ്പം പോകാതെ ഗഹ് ലോതിനൊപ്പം നിന്നു എന്നതാണ് ശ്രദ്ധേയം.