
ന്യൂഡല്‍ഹി: സദ്യയ്ക്ക് ഇലയിട്ട് ചോറില്ലെന്ന് പറഞ്ഞപോലെയായിരുന്നു 2018-ലെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് യുവ നേതാവ് സച്ചിന്‍ പൈലറ്റിന്റെ അവസ്ഥ. രാഹുല്‍ഗാന്ധിയുടെ അടുത്ത വിശ്വസ്തന്‍, പാര്‍ട്ടിയിലെ യുവ മുഖം. അതുകൊണ്ട് തന്നെ ജയിച്ചാല്‍ മുഖ്യമന്ത്രി താന്‍ തന്നെയന്ന് ഉറച്ച് വിശ്വസിച്ചു. രാജസ്ഥാനില്‍ 2018 -ല്‍ കോണ്‍ഗ്രസിന് ഭരണം കിട്ടിയെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ടിന് മുന്നില്‍ മുഖ്യമന്ത്രി സ്ഥാനം അടിയറവ് വെക്കേണ്ടിയും വന്നു സച്ചിന്.
അടുത്ത വര്‍ഷം രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നേതൃത്വവുമായി ബന്ധപ്പെടുകയാണ് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കേ സച്ചിന്‍ പൈലറ്റ് ഇന്ന് സോണിയാ ഗാന്ധിയുമായും നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസില്‍ ഇനി സച്ചിന്‍ പൈലറ്റിന്റെ സ്ഥാനം എന്തായിരിക്കണമെന്ന കൃത്യമായ നിര്‍ദേശം സച്ചിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് സച്ചിന്‍ പൈലറ്റ് നേതൃത്വത്തിന് മുന്നില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായികളായിരുന്ന ജ്യോതിരാധിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, ആര്‍.പി.എന്‍ സിംഗ് എന്നിവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പി പാളയത്തിലേക്ക് പോയിരുന്നു. ആ കൂട്ടത്തിലെ അവസാന കണ്ണിയാണ് സച്ചിന്‍ പൈലറ്റ്. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞിരുന്നുവെങ്കിലും സച്ചിന്‍ പൈലറ്റിന്റെ പരാതി പരിഹരിക്കുമെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സച്ചിന്റെ അനുയായികള്‍ക്ക് അര്‍ഹമായ സ്ഥാനം ഉറപ്പാക്കുമെന്നുമുള്ള നേതൃത്വത്തിന്റെ ഉറപ്പില്‍ സച്ചിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി അടക്കമുള്ളവര്‍ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അടുത്ത തവണയെങ്കിലും തന്നെ പാര്‍ട്ടി കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സച്ചിന്‍.
സച്ചിന്‍പൈലറ്റിന് കൂടുതല്‍ പരിഗണ നല്‍കുമ്പോള്‍ അശോക് ഗലോട്ടിന്റെ ശക്തമായ എതിര്‍പ്പുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതൃത്തിനുമറിയാം. അപ്പോള്‍ ഇരുവരേയും പിണക്കാതെയുള്ള നീക്കുപോക്കിനായിരിക്കും കോണ്‍ഗ്രസ് ശ്രമം.
Content Highlights: Sachin Pilot met Congress Leaders In Delhi
Published: 21 Apr 2022, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented