
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല എന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു. ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കർദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ ആകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിങ്കിൾ ബെഞ്ച് വിധിയിലെ അഞ്ച് പാരഗ്രാഫ് നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ ഇടപെടാനും സുപ്രീം കോടതി വിസ്സമതിച്ചു.
ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, എസ്.സി. ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസിനും, വിജയകുമാറിനും ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി സിങ്കിൾ ബെഞ്ച് ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഇത്തരം പരാമർശം ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്നാണ് ശങ്കരദാസിന്റെ വാദം.
തന്റെ പ്രായാധിക്യവും ശാരീരിക അവസ്ഥകളും കണക്കിലെടുത്ത് നടപടികളിൽ ഇളവ് വേണമെന്നായിരുന്നു ശങ്കരദാസ് പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ അന്നത്തെ ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാമർശങ്ങൾ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കെ.പി. ശങ്കരദാസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.ബി. സുരേഷ് കുമാറും, അഭിഭാഷകൻ എ. കാർത്തിക്കും വാദിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി ഹാജരായി.
ഹൈക്കോടതി സിങ്കിൾ ബെഞ്ച് ഉത്തരവിലെ പരാമർശം നീക്കുന്നതിന് ശങ്കരദാസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം മുൻകൂർ ജാമ്യത്തിനായി ശങ്കരദാസ് ഹർജി നൽകിയാൽ അത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ കേൾക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
Content Highlights: Supreme Court dismisses KP Shankaradas`s anticipatory bail plea in the Sabarimala gold heist case, issuing a sharp rebuke. Read the latest updates.
Published: 05 Jan 2026, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented