മുംബൈ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സിജെപിയുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണമെന്ന് ആർഎസ്എസ് നേതാവ് അതുൽ ലിമായെ. സിജെപി നടത്തിയ പ്രതിഷേധം രാജ്യവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന എബിവിപിയുടെ പരിപാടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

നീറ്റ് ക്രമക്കേടുമായും ചോദ്യപേപ്പർ ചോർച്ചയുമായും ബന്ധപ്പെട്ട് വിദ്യാർഥികൾ തുടക്കത്തിൽ നടത്തിയ പ്രതിഷേധം സ്വാഭാവികമായിരുന്നെന്നും എന്നാൽ പിന്നീട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലർ പ്രതിഷേധത്തെ ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ഇടത് ആശയങ്ങളുള്ള ചില പ്രസ്ഥാനങ്ങളും വിദേശ-രാഷ്ട്രീയ ശക്തികളും സമരത്തിലേക്ക് കടന്നുകയറിയതായും അദ്ദേഹം ആരോപിച്ചു.

ഡോ. ബി.ആർ. അംബേദ്കറുടെ പ്രശസ്തമായ 'ഗ്രാമർ ഓഫ് അനാർക്കി' (അരാജകത്വത്തിന്റെ വ്യാകരണം) പ്രസംഗത്തെക്കുറിച്ച് ഓർമ്മിപ്പിച്ച അതുൽ ലിമായേ, അരാജകവാദികളെക്കുറിച്ച് അംബേദ്കർ പണ്ടുതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രാജ്യത്തിന് ദോഷകരമായ ഇത്തരം ശക്തികളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ശക്തി രാഷ്ട്രനിർമാണത്തിന് സഹായകരമായ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാൻ എ.ബി.വി.പി മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പ്രക്ഷോഭത്തെ ദേശവിരുദ്ധമെന്ന് വിശേഷിപ്പിച്ച ആർ.എസ്.എസ് നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികളും സി.ജെ.പി നേതാക്കളും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.