വാഷിങ്ടൺ: യു.എസിൽ ആർ.എസ്.എസിന്റെ വിദേശ പ്രതിനിധിയായി പ്രവർത്തിക്കുന്നതിന് പുതിയ സംഘടനന. ‘ആർ.എസ്.എസ്. ഫ്രണ്ട്‌സ്’ എന്ന പേരിൽ സംഘടന ഓഗസ്റ്റ് 27-ന് യു.എസ്. നീതിന്യായ വകുപ്പിൽ രജിസ്റ്റർചെയ്തു. ആർ.എസ്.എസിന്റെ വിദേശ പ്രിൻസിപ്പൽ എന്ന നിലയിലാണ് സംഘടനയെ രജിസ്‌ട്രേഷൻ രേഖകളിൽ ഉൾപ്പെടുത്തിയത്. ഡൽഹിയിലെ കേശവ് കുഞ്ചിലുള്ള ആർ.എസ്.എസ്. ആസ്ഥാനത്തിന്റെ വിലാസവും രേഖകളിലുണ്ട്. യു.എസിൽ ആർ.എസ്.എസ്. ലോബിയിങ് നടത്തുന്നില്ലെന്നായിരുന്നു സംഘടന നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്.

To advertise here,

വിവര കൈമാറ്റം, വിദ്യാഭ്യാസം, പൊതുജന സമ്പർക്കം, സാമൂഹിക ഇടപെടൽ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് സംഘട പ്രവർത്തിക്കുകയെന്ന് യു.എസ്. നീതിന്യായ വകുപ്പിന് സമർപ്പിച്ച രേഖകളിൽ പറയുന്നു. പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ, ഗവേഷകർ, സാമൂഹിക നേതാക്കൾ, അക്കാദമിക-നയരൂപവത്കരണ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരുമായി ആശയവിനിമയം നടത്തുമെന്നും അവശ്യഘട്ടങ്ങളിൽ സർക്കാർ ഏജൻസികളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുമെന്നും രേഖകളിലുണ്ട്.

ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലെ പരിപാടിയിൽ പങ്കെടുക്കുന്നതിന് ദിവസങ്ങൾക്കുമുൻപാണ് ആർ.എസ്.എസ്. ഫ്രണ്ട്‌സിന്റെ രജിസ്‌ട്രേഷൻ നടന്നത്. നൂറാംവാർഷികം ആഘോഷിച്ച ആർ.എസ്.എസ്., ബി.ജെ.പി.യുടെ പ്രത്യയശാസ്ത്ര അടിത്തറയായാണ് അറിയപ്പെടുന്നത്. യു.എസിലെ ഇന്ത്യൻ വംശജർക്കിടയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

ആർ.എസ്.എസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ആർ.എസ്.എസ്. ഫ്രണ്ട്‌സിന്റെ വെബ്സൈറ്റിൽ പറയുന്നു. രാഷ്ട്രീയലക്ഷ്യത്തോടെ ചിലർ ആർ.എസ്.എസിനെക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് യു.എസിലെ ഇന്ത്യൻ വംശജരെയും പ്രത്യേകിച്ച്, ഹൈന്ദവരെയും പ്രതികൂലമായി ബാധിക്കുന്നതായും വെബ്സൈറ്റ് അവകാശപ്പെടുന്നു. rssfriends.org എന്ന ഈ വെബ്സൈറ്റ് 2017-ൽ രജിസ്റ്റർ ചെയ്തതാണെങ്കിലും സംഘടന എപ്പോഴാണ് രൂപവത്കരിച്ചതെന്നതിൽ വ്യക്തതയില്ല.