ആര്‍എസ്എസ്-ബിജെപി ഗുണ്ടകൾ ഡൽഹിയിൽ സ്വൈര്യവിഹാരം നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപിയും വിദ്യാർഥി സംഘടനകളും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്ന ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ വീഡിയോ പുറത്തുവിട്ട് കോൺഗ്രസ്. ഡൽഹി പോലീസിന്റെ കൺമുന്നിലാണ് ഇവർ വിദ്യാർഥികളെ ക്രൂരമായി മർദിച്ചത്. 'ആർഎസ്എസ്-ബിജെപി ഗുണ്ടകൾ സ്വൈര്യവിഹാരം നടത്തുകയാണെന്ന’ ആരോപണവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി.
'ഡൽഹി പോലീസിന്റെ കൺമുന്നിൽ വെച്ച് ആർഎസ്എസ്-ബിജെപി ഗുണ്ടകൾ പ്രതിഷേധക്കാരെ മർദിക്കുന്നു. മോദി-ഷാ കൂട്ടുകെട്ട് രാജ്യമാകെ ഗുണ്ടായിസത്തിന്റെ തേർവാഴ്ചയാണ് സ്ഥാപിച്ചിരിക്കുന്നത്. പോലീസ് നോക്കിനിൽക്കെ ഒരു പെൺകുട്ടിയെ നിലത്ത് വീഴ്ത്തുന്നതും അടിക്കുന്നതും ഈ വീഡിയോയിൽ കാണാം.' -മർദനദൃശ്യം പങ്കുവെച്ചുകൊണ്ട് എക്‌സിൽ കോൺഗ്രസ് കുറിച്ചു. മർദനത്തിനിരയായ പെൺകുട്ടി പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാം.
കാവിക്കൊടിയുമേന്തി വന്നാണ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ വിദ്യാർഥികളെ മർദിച്ചത്. ഏതാനും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മർദനമേറ്റത് ദൃശ്യങ്ങളിൽ കാണാം. അതേസമയം മർദനം അഴിച്ചുവിട്ടവരെ തടയാതെ പോലീസ് അവരോട് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
'സാധാരണക്കാരായ പ്രതിഷേധക്കാർ ഡൽഹിയിലെ തെരുവിൽ കാലുകുത്തുമ്പോൾ തന്നെ കസ്റ്റഡിയിലെടുക്കപ്പെടുമ്പോൾ ആർഎസ്എസ്-ബിജെപി ഗുണ്ടകൾ സ്വതന്ത്രമായി വിഹരിക്കുകയാണ്.' -മറ്റൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് എക്‌സിൽ കുറിച്ചു. സമാനമായ ഒട്ടേറെ ദൃശ്യങ്ങൾ യൂത്ത് കോൺഗ്രസ് എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Congress and Youth Congress released video clips alleging RSS-BJP workers attacked student protesters demanding CEC Gyanesh Kumar's resignation in Delhi while Delhi Police remained passive onlookers.
Published: 10 Oct 2026, 06:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented