
അപ്രതീക്ഷിത തിരിച്ചടിയാണ് ഹരിയാണയില്‍ കോണ്‍ഗ്രസിനുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസവും ഭരണവിരുദ്ധ വികാരവും കര്‍ഷക-ഗുസ്തി സമരങ്ങളുടെ അമര്‍ഷവുമടക്കം ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് നിരാശയായിരുന്നു ഫലം. എന്നാല്‍ പ്രതികൂല ഘടകങ്ങളെല്ലാം അനുകൂലമാക്കിയുള്ള രാഷ്ട്രീയ തന്ത്രത്തില്‍ ബിജെപി നേടിയതാകട്ടെ ഹരിയാണയില്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും. എതിരാളികളെ അമ്പരപ്പിച്ചും പ്രവചനങ്ങളെ പൊളിച്ചെഴുതിയും നടത്തിയ വിസ്മയിപ്പിക്കുന്ന ബിജെപിയുടെ വിജയത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ സഹായമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹരിയാണയില്‍ വെല്ലുവിളി നിറഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടിയുടെ പുനരുജ്ജീവനം ഏറ്റെടുത്ത ആര്‍എസ്എസ് സമാനമായൊരു നീക്കം തിരഞ്ഞെടുപ്പ് ഗോദയായി മാറിയ മഹാരാഷ്ട്രയിലും നടത്താനൊരുങ്ങുകയാണ്.
മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് വിപുലമായ ജനസമ്പര്‍ക്ക പരിപാടിക്ക് രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) തുടക്കമിട്ടുകഴിഞ്ഞു. ആര്‍എസ്എസ് അതിന്റെ എല്ലാ അനുബന്ധ സംഘടനകളേയും ഏകോപിപ്പിച്ചാണ് നീക്കം നടത്തുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരച്ചിടിക്ക് പിന്നാലെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്നത്. ഈ വര്‍ഷമാദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ നിന്ന് വലിയ തോതില്‍ അകന്നത് ബിജെപിക്കുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണമായി വിലയിരുത്തപ്പെട്ടതിന് പിന്നാലെയാണിത്..
വിജയദശമിയുടെ ഭാഗമായി നാഗ്പുരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗവും ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും കൂട്ടിവായിക്കേണ്ടതും ശ്രദ്ധേയവുമായിരുന്നു. ബംഗ്ലാദേശിലെ ആക്രമണ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും ഇതൊരു പാഠമാണെന്നും ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും മോഹന്‍ ഭാഗവത് ഉയര്‍ത്തുകയുണ്ടായി.
പ്രതിപക്ഷ പാര്‍ട്ടി ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ച പ്രധാനമന്ത്രി 'ഹിന്ദുക്കള്‍ എത്രത്തോളം വിഭജിക്കപ്പെടുന്നുവോ അത്രയും നേട്ടമുണ്ടാകുമെന്ന് കോണ്‍ഗ്രസിന് അറിയാം' എന്നും പ്രസ്താവന നടത്തുകയുണ്ടായി. ഹിന്ദു ഏകീകരണം ആവശ്യപ്പെട്ടുള്ള പുതിയ നീക്കം പ്രതിപക്ഷത്തിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള തന്ത്രത്തിനുള്ള മറുതന്ത്രമായി വേണം കണക്കാക്കാന്‍.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് യുദ്ധഗോദ ചൂടുപിടിക്കുമ്പോള്‍, ബിജെപി പ്രവര്‍ത്തകര്‍ ആര്‍എസ്എസ് സ്വയംസേവകര്‍ക്കൊപ്പം ഹിന്ദു ഐക്യത്തിന്റെ ഈ സന്ദേശവുമായിട്ടാണ് തെരുവിലിറങ്ങുന്നത്. ഹരിയാണയില്‍ ഈ പ്രചാരണം ജാട്ട്, ദളിത് വോട്ടര്‍മാര്‍ക്കിടയിലേക്ക് കടന്നുകയറാന്‍ പാര്‍ട്ടിയെ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.
ഹരിയാണയിലെ തന്ത്രം
ഭരണവിരുദ്ധ വികാരവും മറ്റു രാഷ്ട്രീയ വിഷയങ്ങളും ബിജെപിക്ക് എതിരാകുമെന്ന വിശ്വാസത്തില്‍ അമിത ആത്മവിശ്വാസത്തോടെ ഹരിയാണ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടു. എന്നാല്‍ ഭരണവിരുദ്ധ വികാരം സ്വയം തിരിച്ചറിഞ്ഞ ബിജെപി മറുതന്ത്രം പയറ്റി ചരിത്ര വിജയവും നേടി. ഒരു മാസത്തോളം ബിജെപിയും ആര്‍എസ്എസ്എസ് പ്രവര്‍ത്തകരും വലിയ ഏകോപനത്തോടെ വീടുംതോറും നടത്തിയ പ്രചാരണം തുടര്‍ച്ചയായ മൂന്നാം വിജയത്തിലേക്ക് പാര്‍ട്ടിയെ നയിച്ചു.
2020-21-ല്‍ നടന്ന കര്‍ഷക സമരം ഹരിയാണയില്‍ ബിജെപിയുടെ ജനകീയതയ്ക്ക് വലിയ തോതില്‍ കോട്ടമുണ്ടാക്കിയിട്ടുണ്ടായിരുന്നു. പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പാര്‍ട്ടിക്കെതിരായി. അന്നത്തെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ കീഴിലുള്ള ഹരിയാണ സര്‍ക്കാരിന്റെ ജനപ്രീതി കുറയുകയാണെന്ന് ആര്‍എസ്എസ് നടത്തിയ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഒരു നേതൃമാറ്റത്തിനും ആഹ്വാനമുണ്ടായി. ഗ്രാമീണ വോട്ടര്‍മാരുമായി വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സജീവമാക്കുന്നതിനും ബിജെപി ആര്‍എസ്എസിന്റെ സഹായം തേടി.
ഇതിനിടിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഖട്ടാറിനെ മാറ്റി നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ തകര്‍ച്ച ഒഴിവാക്കാന്‍ ബിജെപിയെ ഒരു പരിധി വരെ ഇത് സഹായിച്ചു.
ഈ വര്‍ഷം ജുലായ് 29ന് അശോക റോഡിലെ ബിജെപി ആസ്ഥാനത്ത് നടന്ന തന്ത്രപ്രധാനമായ യോഗം ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍, ബി എല്‍ സന്തോഷ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുള്‍പ്പെടെയുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഈ യോഗത്തില്‍ രൂപപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അംഗീകാരത്തോടെ തന്നെ ഈ തന്ത്രം നിശബ്ദമായി നടപ്പാക്കുകയും ചെയ്തു. താഴേത്തട്ടില്‍ പാര്‍ട്ടി ഇടപെടല്‍ പുനരുജ്ജീവിപ്പിക്കുന്നതിനാണ് ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കിയത്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതും ഗ്രാമീണ വോട്ടര്‍മാരുമായുള്ള ബന്ധം മെച്ചപ്പെടുത്തലും ഏകോപനങ്ങളും അടക്കം സുപ്രധാന തീരുമാനങ്ങളും ഈ യോഗത്തില്‍ കൈക്കൊണ്ടു.
സെപ്റ്റംബര്‍ ആദ്യം, ഓരോ ജില്ലയിലും കുറഞ്ഞത് 150 വളണ്ടിയര്‍മാരെ വിന്യസിച്ചുകൊണ്ട് ഒരു ഗ്രാമീണ വോട്ടര്‍ ബോധവത്കരണ പരിപാടി ആര്‍എസ്എസ് ആരംഭിച്ചു. ഗ്രാമീണ സമൂഹങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ബി.ജെ.പി സര്‍ക്കാരിനെതിരായ വര്‍ദ്ധിച്ചുവരുന്ന ഭരണവിരുദ്ധ വികാരം പരിഹരിക്കുന്നതിനുമായിരുന്നു ഇത്. വീടുവീടാന്തരം കയറി ഇറങ്ങിയ ആര്‍എസ്എസ് കേഡര്‍മാര്‍ പ്രചാരണത്തിന്റെ ഭാഗമായി പതിനായിര കണക്കിന് ചെറുയോഗങ്ങളും നടത്തി.
ധര്‍മേന്ദ്ര പ്രധാന്‍-ഹരിയാണയിലെ വിജയശില്‍പി
ഹരിയാണയിലെ ബിജെപി വിജയത്തില്‍ ആര്‍എസ്എസ് വഹിച്ച പങ്കുപോലെ പ്രധാനമാണ് ധര്‍മേന്ദ്ര പ്രധാന്‍ എന്ന നിശബ്ദ പോരാളിയുടേത്. ഹരിയാണയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിച്ച കേന്ദ്ര മന്ത്രിയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍. ബിജെപിയുടെ തന്ത്രജ്ഞനായ അമിത് ഷായുടെ അടുത്ത ആളായിട്ടുള്ള അദ്ദേഹം പലപ്പോഴും ദുഷ്‌കരമായ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ ബിജെപിയുടെ കൈത്താങ്ങായി മാറിയിട്ടുണ്ട്. ഹരിയാണയില്‍ പാര്‍ട്ടിക്ക് ഹാട്രിക് വിജയം നേടിക്കൊടുക്കുന്നതിന് മുമ്പായി 2022 ല്‍ ഉത്തര്‍പ്രദേശിലും 2017 ല്‍ ഉത്തരാഖണ്ഡിലും ഈ വര്‍ഷം സ്വന്തം സംസ്ഥാനമായ ഒഡീഷയിലും ബിജെപിക്ക് ഭരണമൊരുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട് ധര്‍മേന്ദ്ര പ്രധാന്.

2021-ലെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിച്ച നന്ദിഗ്രാം മണ്ഡലത്തിന്റെ ചുമതലയായിരുന്നു പ്രധാന്. സംസ്ഥാനത്ത് പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും തനിക്ക് ചുമതലയുണ്ടായിരുന്ന നന്ദിഗ്രാമില്‍ പ്രധാന്‍ മമതയെ പരാജയപ്പെടുത്തി ബിജെപിയെ വിജയിപ്പിച്ചു. ചുമതലകള്‍ വഹിക്കുന്ന സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രധാന്റെ തന്ത്രങ്ങള്‍. ഹരിയാണയില്‍ റോഹ്തകിലും കുരുക്ഷേത്രയിലും പഞ്ചകുളയിലും തമ്പടിച്ച് ധര്‍മേന്ദ്ര പ്രധാന്‍ പ്രവര്‍ത്തിച്ചു. നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തുന്നതിലും ആര്‍എസ്എസുമായുള്ള ഏകോപനത്തിലും പ്രധാന്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.
മഹാരാഷ്ട്രയില്‍ ബിജെപിക്കായി ആര്‍എസ്എസ് തുടങ്ങി
ഹരിയാണ പോലെ തന്നെ ബിജെപിക്ക് വെല്ലുവിളിയുള്ളതും ഏറെ പ്രാധാന്യമേറിയ ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ മഹാവികാസ് അഘാഡിയും ബിജെപി ഉള്‍പ്പെടുന്ന മഹായുതി സഖ്യവുമാണ് ഇവിടുത്തെ പോരാട്ട ഭൂമിയിലുള്ളത്. സംഘടനയുടെ ആസ്ഥാനം നിലകൊള്ളുന്ന സംസ്ഥാനമെന്ന നിലയില്‍ ആര്‍എസ്എസിനും മഹാരാഷ്ട്രയിലെ വിജയം പ്രധാനമാണ്. സംസ്ഥാനത്ത് മഹായുതി സഖ്യത്തിന് അനുകൂലമായ ഒരു പൊതുജന വികാരം ഉണ്ടാക്കിയെടുക്കാന്‍ ആര്‍എസ്എസ് പ്രചാരണം നേരത്തെ തുടങ്ങി കഴിഞ്ഞു.
അഞ്ച് മുതല്‍ പത്ത് ആളുകള്‍ അടങ്ങിയിട്ടുള്ള ചെറു സംഘങ്ങളായി തിരിച്ചാണ് ആര്‍എസ്എസിന്റെ പ്രചാരണം. കുടുംബങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ടീമുകളുടെ പ്രവര്‍ത്തനം. നേരിട്ട് ബിജെപിയുടെ പേര് പറഞ്ഞല്ല ഇവര്‍ പ്രചാരണം നടത്തുന്നത്. മറിച്ച് ദേശീയ താല്‍പ്പര്യം, ഹിന്ദുത്വം, സദ്ഭരണം, വികസനം, പൊതുക്ഷേമം, സമൂഹവുമായി ബന്ധപ്പെട്ട വിവിധ പ്രാദേശിക വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ ജനങ്ങളുടെ അഭിപ്രായം ബിജെപിക്ക് അനുകൂലമാക്കി രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്.

ടീമുകള്‍ക്ക് രൂപം നല്‍കുന്നതിന് മുമ്പ് ബിജെപി ഭാരവാഹികളുമായി ഒരു ഏകോപന ചര്‍ച്ചകളും തന്ത്രങ്ങളും നടത്തിവരുന്നു. ഇത്തരത്തിലുള്ള ഏകോപനത്തിലൂടെയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലൂടെയും ഹരിയാണയിലുണ്ടാക്കിയ വിജയത്തിന്റെ ചുവടുപിടിച്ചാണ് മഹാരാഷ്ട്രയിലെയും നീക്കങ്ങള്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച തിരിച്ചടി മറികടക്കുക എന്നതാണ് ആര്‍എസ്എസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ ഇന്ത്യ സഖ്യം 30 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ 17 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് നേടാനായത്.
Content Highlights: After helping BJP win Haryana-RSS starts outreach for BJP to propel MahaYuti victory-maharashtra
Published: 24 Oct 2024, 01:48 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented