മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയുള്ള സമരത്തിനിടെ സിനിമയെ വെല്ലുന്ന മാസ് എൻട്രിയുമായി മുംബൈ പോലീസിന്റെ വാഹനം നടുറോഡിൽ തടഞ്ഞുനിർത്തിയതിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ്‌ റിയ അഹിർ. ഈ സംഭവം നടന്ന അന്ന് രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും പോലീസ് തേടി വരുമെന്ന ഭയം ഉണ്ടായിരുന്നുവെന്നും റിയ പറഞ്ഞു. എന്നാൽ കുടുംബത്തിന്റെ പിന്തുണ ഏത് സാഹചര്യവും നേരിടാൻ തനിക്ക് കരുത്തായെന്നും അവർ കൂട്ടിച്ചേർത്തു.

To advertise here,

നീറ്റ് പരീക്ഷാവിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാർക്കിൽ പ്രതിഷേധിച്ച വിദ്യാർഥികളെ വാനിൽ കയറ്റിക്കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് റിയ ഓടിയെത്തിയത്. കോരിച്ചൊരിയുന്ന മഴയിൽ ചുറ്റുമുള്ളതൊന്നും നോക്കാതെ തലയിൽ തൊപ്പിയും ഹൂഡിയുമിട്ട് റിയ വാനിന് മുന്നിൽ നെഞ്ചുംവിരിച്ചു നിന്നു. വാഹനത്തിൽ കൈകുത്തിനിന്ന് റിയ 'ആസാദി' മുദ്രാവാക്യം മുഴക്കിയതോടെ അവിടെ നിന്നവർ ആവേശത്തോടെ ഏറ്റുവിളിക്കുകയും അവർക്കൊപ്പം ചേരുകയും ചെയ്തു. ഒടുവിൽ പോലീസിന് പ്രതിഷേധക്കാരെ മോചിപ്പിക്കേണ്ടിവന്നു. വിദ്യാർഥിയല്ലെങ്കിലും അവർക്കൊപ്പം നിലകൊള്ളുന്നെന്ന് റിയ അഹിർ പ്രതികരിച്ചു. റിയയുടെ ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. നടിയും മോഡലുംകൂടിയാണ് റിയ.

'അവർ എന്നെയും പിടിച്ചുകൊണ്ടുപോകുമോ എന്ന് ഞാൻ ഭയന്നിരുന്നു. എന്നാൽ ചുറ്റും നോക്കിയപ്പോൾ അവിടെ ഒട്ടും സ്ഥലമില്ലെന്ന് എനിക്ക് മനസ്സിലായി; പിന്നെ അവർ എന്നെ എവിടെ കൊണ്ടുപോകാനാണ്? ഇന്നലെ രാത്രി എനിക്ക് പേടി തോന്നിയിരുന്നു എന്നത് സത്യമാണ്. പുലർച്ചെ 5:30 വരെ എനിക്ക് ഉറങ്ങാനായില്ല. എന്റെ കുടുംബത്തെക്കുറിച്ച് എനിക്ക് തീർച്ചയായും ആശങ്കയുണ്ടായിരുന്നു. എന്നാൽ പോലീസ് വന്നേക്കാമെന്ന് അവരോട് പറഞ്ഞപ്പോൾ, 'അതിനെന്താ? ഞങ്ങൾ അത് നേരിട്ടോളാം. ഞങ്ങൾ അതിനെ അതിജീവിക്കും' എന്നായിരുന്നു അവരുടെ മറുപടി. ശരിയായ കാര്യങ്ങൾക്കായി നിലകൊള്ളുകയും തെറ്റായ കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്ന, ധീരവും പിന്തുണ നൽകുന്നതുമായ ഒരു കുടുംബം കൂടെയുണ്ടാകുമ്പോൾ അത് വലിയൊരു കരുത്താണ് പകരുന്നത്. അത്തരമൊരു പിന്തുണ ഏത് സാഹചര്യത്തെയും നേരിടാനുള്ള ആത്മവിശ്വാസം നൽകുന്നു...' റിയ ഐഎഎൻഎസിനോട് പ്രതികരിച്ചു.

പരീക്ഷാ ക്രമക്കേടിൽ കർശന നടപടി സ്വീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിനോടും അവർ പ്രതികരിച്ചു. 'തീർച്ചയായും, അവ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ തന്നെയായിരുന്നു. അതിനാൽ, ആ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. എന്നാൽ, ആവശ്യങ്ങൾ കേൾക്കുന്നതിനപ്പുറം അവ യഥാർത്ഥത്തിൽ നടപ്പിലാക്കുകയും ഫലം കാണുകയും ചെയ്യുക എന്നത് പ്രധാനമാണ്. പറയുന്നതും പ്രാവർത്തികമാക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ. 2024-ലെ പേപ്പർ ചോർച്ചാ സംഭവത്തിലെ മുഖ്യസൂത്രധാരൻ എന്ന് ആരോപിക്കപ്പെട്ടയാൾക്ക് ജാമ്യം ലഭിക്കുകയും പിന്നീട് എല്ലാ ആരോപണങ്ങളിൽ നിന്നും അയാൾ കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു. അതിനാൽ, ഇത്തവണയും അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു...' റിയ പറഞ്ഞു.