കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജി എംഎൽഎയെ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചതോടെ പ്രതിപക്ഷ നേതാവിന്റെ ചേംബറിന്റെ താക്കോൽ അദ്ദേഹത്തിന് കൈമാറി. പദവി ഏറ്റെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ഋതബ്രത തങ്ങളുടെ നേതാവ് ഇപ്പോഴും മമത ബാനർജി തന്നെയാണെന്നും പാർട്ടിയെ പിളർത്താൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നു പറഞ്ഞു. മമത ബാനർജി തലപ്പത്തിരുന്ന് തങ്ങളെ തുടർന്നും നയിക്കണമെന്നും ഉപദേശങ്ങൾ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ പതാകയ്ക്ക് കീഴിൽ തന്നെയായിരിക്കും തുടർന്നും പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മമതയോട് കൂറ് പ്രഖ്യാപിക്കുമ്പോഴും പാർട്ടിക്കുള്ളിലെ വ്യക്തികേന്ദ്രീകൃതമായ തീരുമാനങ്ങൾക്കെതിരെയാണ് ഈ നീക്കമെന്ന് ഋതബ്രത സൂചിപ്പിച്ചു. മമത ബാനർജിയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഋതബ്രത ഉന്നയിച്ചത്. തങ്ങളുടെ ഈ നീക്കം "വ്യക്തി കേന്ദ്രീകൃത ഭരണത്തിനെതിരെയുള്ള കൂട്ടായ പോരാട്ടമാണെന്ന്" അദ്ദേഹം വിശേഷിപ്പിച്ചു. അഭിഷേക് ബാനർജി നിയമസഭാ കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാജരേഖകൾ ചമച്ചുവെന്നും ഇത് സ്പീക്കറുടെ അധികാര പരിധിയിലുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ തങ്ങൾക്കൊപ്പം ജാവേദ് ഖാൻ, സന്ദീപൻ സാഹ, സബീന യാസ്മിൻ, സിയൂലി സാഹ എന്നിവർ ഉപനേതാക്കളായി പ്രവർത്തിക്കുമെന്ന് ഋതബ്രത അറിയിച്ചു. അഖ്രുജ്ജമാനെ ചീഫ് വിപ്പായും നിയമിച്ചിട്ടുണ്ട്.
58 എംഎൽഎമാരുടെ പിന്തുണയോടെയാണ് ഋതബ്രത പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയത്. തൃണമൂൽ ചിഹ്നത്തിൽ വിജയിച്ച 80 അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേരും തങ്ങളോടൊപ്പമുണ്ടെന്നും അതിനാൽ തങ്ങളെ യഥാർത്ഥ നിയമസഭാ വിഭാഗമായി അംഗീകരിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഋതബ്രതയെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചതോടെ ഈ വാദത്തിന് നിയമപരമായ സാധുതയും കൈവന്നിരിക്കുകയാണ്. നേരത്തെ അഭിഷേക് ബാനർജി മുന്നോട്ട് വെച്ച ശോഭൻദേബ് ചതോപാധ്യായയുടെയും ഫിർഹാദ് ഹക്കീമിന്റെയും പേരുകൾ സ്പീക്കർ തള്ളിയത് ഒപ്പുകൾ വ്യാജമാണെന്ന പരാതിയെ തുടർന്നാണ്. ഈ സംഭവത്തിൽ സിഐഡി അന്വേഷണം ആരംഭിക്കുകയും അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
എട്ട് വർഷത്തോളം എസ്എഫ്ഐ ജനറൽ സെക്രട്ടറിയായിയുന്നു ഋതബ്രത. 34-ാം വയസ്സിൽ സിപിഎം ബാനറിൽ രാജ്യസഭയിലെത്തി. 2017-ൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎം അദ്ദേഹത്തെ പുറത്താക്കി. തുടർന്ന് തൃണമൂലിൽ എത്തിയ ഋതബ്രത ബാനർജിക്ക് ചുരുങ്ങിയ കാലം കൊണ്ട് പാർട്ടിയിൽ വലിയ സ്വാധീനം ഉറപ്പിക്കാൻ സാധിച്ചിരുന്നു. എന്നാൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം തൃണമൂലിൽ നിന്നും ഋതബ്രതയെയും മറ്റൊരു എംഎൽഎയും പുറത്താക്കുകയായിരുന്നു.
Content Highlights: Ritabrata Banerjee appointed West Bengal opposition leader with 58 MLA support. He reaffirms loyalty to Mamata Banerjee while challenging Abhishek Banerjee.
Published: 03 Jun 2026, 07:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented