
ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യുഎസ് സന്ദർശിക്കാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. മുഖ്യമന്ത്രിപദം വഹിക്കുന്നയാൾക്ക് പങ്കെടുക്കാൻ അനുയോജ്യമായ പരിപാടി ആയിരുന്നില്ലെന്നും അതിനാലാണ് അനുമതി നിഷേധിച്ചത് എന്നുമായിരുന്നു വിഷയത്തിൽ വിദേശകാര്യമന്ത്രാലയം നൽകിയ വിശദീകരണം.
എന്നാൽ, രേവന്ത് യുഎസ് സന്ദർശനത്തിൽ രാഷ്ട്രീയ കൂടിക്കാഴ്ചകൾ നടത്താൻ ഉദ്ദേശിച്ചിരുന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേന്ദ്രസർക്കാരിലെ ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ട് ആൺമക്കളിൽ ഒരാൾ എന്നിവരെ കാണാൻ രേവന്തിന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് വിവരം. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടെെംസ് ഒാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ട്രംപ് ടവറുകൾ യാഥാർഥ്യമാകുന്നത് ഹൈദരാബാദിലാണ്. അവയുടെ ഉദ്ഘാടനത്തിന് ട്രംപിന്റെ ആൺമക്കളിലൊരാളെ ക്ഷണിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, രേവന്തിന്റെ സന്ദർശനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ യാത്രയെക്കുറിച്ചുള്ള ഔദ്യോഗികക്കുറിപ്പിൽ വാൻസിനെയോ മംദാനിയെയോ സന്ദർശിക്കുന്നതിനെക്കുറിച്ച് പരാമർശമില്ല. എന്നാൽ, വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയ മുഖ്യമന്ത്രിയുടെ യാത്രാപദ്ധതിയെക്കുറിച്ചുള്ള വിവരത്തിൽ വാൻസ്, മംദാനി എന്നിവരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പരാമർശമുണ്ടെന്നാണ് വിവരം.
രേവന്തിന്റെ യാത്രയുടെ ഉദ്ദേശ്യം തെലങ്കാന റൈസിങ് പദ്ധതിയുടെ പ്രചാരണമാണെന്നിരിക്കെ, വാൻസും മംദാനിയും ഉൾപ്പെടെയുള്ള നേതാക്കളെ കാണുന്നത് രാഷ്ട്രീയസന്ദർശനത്തിന്റെ ഗണത്തിൽപെടുമെന്ന വിലയിരുത്തലാണ് കേന്ദ്രത്തിന്റേത്. അമേരിക്ക, യുകെ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിനായിരുന്നു രേവന്ത് അനുമതി തേടിയത്. ഇതിൽ, യുഎസ് സന്ദർശനത്തിന് അനുമതി ലഭിച്ചില്ലെങ്കിലും യുകെ സന്ദർശനത്തിന് അനുമതി ലഭിച്ചിരുന്നു.
Content Highlights: Centre denied Telangana CM Revanth Reddy's US visit permission., Reports reveal plans to meet US VP JD Vance and New York Mayor Zohran Mamdani., MEA deemed the planned meetings as political activity outside the official itinerary., Revanth Reddy received clearance for his UK visit but not the US.
Published: 23 Aug 2026, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented