ന്യൂഡൽഹി: അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ വിരമിച്ച ഹൈക്കോടതി ജഡ്ജി നിർമൽ യാദവിനെ ചണ്ഡീഗഡിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തയാക്കി. 17 വർഷം മുമ്പ് ഇന്ത്യൻ നീതിന്യായ സംവിധാനത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ കേസിലാണ് സുപ്രധാന വിധി. വ്യാഴാഴ്ച കേസിലെ അന്തിമ വാദം കേട്ട ചണ്ഡീഗഢ് കോടതി വിധി പ്രഖ്യാപനം മാർച്ച് 29-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

To advertise here,

ജസ്റ്റിസ് യാദവ്, ഹരിയാണ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ സഞ്ജീവ് ബൻസാൽ, ഡൽഹി ആസ്ഥാനമായുള്ള ഹോട്ടലുടമ രവീന്ദർ സിങ്, വ്യവസായി രാജീവ് ഗുപ്ത എന്നിവരെ കുറ്റവിമുക്തരാക്കി ജഡ്ജി അൽക മാലിക് ഉത്തരവിട്ടു. കേസിൽ ആകെ അഞ്ച് പ്രതികളുണ്ടായിരുന്നു. അവരിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചു. 2017 ഫെബ്രുവരിയിലാണ് സഞ്ജീവ്  ബൻസാൽ മരിച്ചത്.

2008 ഓഗസ്റ്റ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചാബ് ഹരിയാണ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയായിരുന്ന നിർമൽജിത് കൗറിന്റെ വസതിയുടെ മുന്നിൽനിന്ന് 15 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. സ്വത്ത് ഇടപാട് കേസ് സ്വാധീനിക്കുന്നതിനായി നിർമൽ യാദവിന് നൽകുന്നതിനായി കൊണ്ടുവന്ന തുക പേരിലെ സാമ്യത തെറ്റിദ്ധരിക്കപ്പെട്ട് നിർമൽജിത് കൗറിന്റെ വസതിയിൽ തെറ്റായി എത്തിച്ചതാണെന്നായിരുന്നു ആരോപണം. ജസ്റ്റിസ് കൗർ ഉടൻ തന്നെ അന്നത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ വിവരം അറിയിച്ചു.  വിഷയം ചണ്ഡീഗഡ് പോലീസിൽ റിപ്പോർട്ട് ചെയ്തു. പിന്നീട് കേസ് സിബിഐക്ക് കൈമാറി.

ആരോപണം നേരിട്ടതിനെ തുടർന്ന് ജസ്റ്റിസ് യാദവിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. 2009 ഡിസംബറിൽ സിബിഐ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ 2010 മാർച്ചിൽ സിബിഐ കോടതി  റിപ്പോർട്ട് നിരസിക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കേ ജസ്റ്റിസ് നിർമ്മൽ യാദവ് വിരമിക്കുന്ന ദിവസം 2011 മാർച്ചിൽ അവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.