
ന്യൂഡല്‍ഹി: പ്രമുഖ യൂറോപ്യന്‍ രാജ്യമായ ഗ്രീസിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ ( എല്‍ആര്‍- എല്‍എസിഎം) ഇന്ത്യ ഓഫര്‍ ചെയ്തുവെന്ന് ഗ്രീസിലെയും തുര്‍ക്കിയിലെയും ചില മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്ത്യയോ ഗ്രീസ് അധികൃതരോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. തുര്‍ക്കിയിലെ ടിആര്‍ ഹബെര്‍ എന്ന മാധ്യമത്തിലാണ് മിസൈല്‍ ഇടപാട് സംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. ഇന്ത്യയോ ഗ്രീസോ ഇതുസംബന്ധിച്ച് പ്രതികരിക്കാത്തത് അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നതുകൊണ്ടാണ് എന്നാണ് പ്രതിരോധരംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.
ഡിആര്‍ഡിഒ വികസിപ്പിച്ച എല്‍ആര്‍- എല്‍എസിഎമ്മിന് 1500 കിലോമീറ്ററാണ് ആക്രമണ പരിധി. 2024 നവംബറിലാണ് ഡിആര്‍ഡിഒ ഇതിന്റെ ആദ്യ പരീക്ഷണം നടത്തിയത്. ശബ്ദത്തിനേക്കാള്‍ കുറഞ്ഞവേഗതയില്‍ ( സബ്‌സോണിക് ) സഞ്ചരിക്കുന്ന ഈ മിസൈല്‍ വികസിപ്പിച്ചത് ഡിആര്‍ഡിഒയുടെ നിര്‍ഭയ് മിസൈല്‍ പദ്ധതിയില്‍ നിന്നാണ്.
ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച മണിക് എന്ന ടര്‍ബോഫാന്‍ എന്‍ജിനിലാണ് ഈ മിസൈല്‍ പ്രവര്‍ത്തിക്കുക. കുത്തനെ വിക്ഷേപിക്കാനും ഭൗമോപരിതലത്തോട് ചേര്‍ന്ന് സഞ്ചാരിക്കാനും ശേഷിയുള്ള മിസൈലാണ് എല്‍ആര്‍- എല്‍എസിഎം. വേഗത കുറവാണെങ്കിലും ഇതിന്റെ സവിശേഷമായ സഞ്ചാരപാത റഡാര്‍ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. ഏഥന്‍സില്‍ വെച്ച് നടന്ന ഡീഫാ- 25 ( DEEFA-25) പ്രതിരോധ മേളയില്‍ ഡിആര്‍ഡിഒ ഈ മിസൈല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മിസൈല്‍ സഖ്യരാജ്യങ്ങള്‍ക്കും സുഹൃദ് രാജ്യങ്ങള്‍ക്കും നല്‍കാനുള്ള സന്നദ്ധതയാണ് ഇന്ത്യ ഇതിലൂടെ പ്രകടിപ്പിച്ചത്. മുഖ്യമായും യൂറോപ്യന്‍ രാജ്യങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്.
നിലവില്‍ ഇന്ത്യയും ഗ്രീസും തമ്മില്‍ പ്രതിരോധ രംഗത്ത് സഹകരിക്കുന്നുണ്ട്. സംയുക്ത സൈനികാഭ്യാസങ്ങളും ഉന്നതതല സന്ദര്‍ശനങ്ങളും പരസ്പരം നടക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മിസൈല്‍ ഇടപാട് സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്. മിസൈല്‍ ഇടപാട് നടന്നാല്‍ അതില്‍ ഏറെ അസ്വസ്ഥരാകുക തുര്‍ക്കിയാകും. ഗ്രീസും തുര്‍ക്കിയും തമ്മിലുള്ള സമുദ്രാതിര്‍ത്തി തര്‍ക്കവും സൈപ്രസിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും മുറുകി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ മിസൈലിനെ പറ്റിയുള്ള വാര്‍ത്തകള്‍ വരുന്നത്.
പരമ്പരാഗത ആയുധങ്ങളും ആണവ പോര്‍മുനകളും വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ ഉപയോഗിച്ച് തുര്‍ക്കിയിലെ ഏത് വ്യോമതാവളങ്ങളും ഗ്രീസിന്
അനായാസേന ആക്രമിക്കാനാകും.
തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളും ആക്രമിക്കാനുള്ള ആയുധമാണ് ഈ മിസൈല്‍. സൈനിക താവളങ്ങള്‍, റഡാര്‍ കേന്ദ്രങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ആക്രമിക്കാനായാണ് എല്‍ആര്‍- എല്‍എസിഎമ്മിനെ വികസിപ്പിച്ചത്.
കരസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി ഇതിന്റെ വ്യത്യസ്ത പതിപ്പുകളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കപ്പലില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകള്‍ക്ക് 1000 കിലോമീറ്ററാണ് ആക്രമണ പരിധി. നിലവില്‍ ഇന്ത്യയുടെ 30 യുദ്ധക്കപ്പലുകള്‍ക്ക് ഈ മിസൈല്‍ വിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണ്.
ഏഥന്‍സില്‍ നടന്ന പ്രതിരോധ പ്രദര്‍ശനത്തില്‍ യുഎസിന്റെ ടോമഹാക്, റഷ്യയുടെ കാലിബര്‍ എന്നീ മീസൈലുകളേക്കാള്‍ ഗ്രീസിന്റെ ശ്രദ്ധപതിഞ്ഞത് ഇന്ത്യന്‍ മിസൈലില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല സുഹൃദ് രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്തമായി മിസൈല്‍ നിര്‍മിക്കാനും ഇന്ത്യ സന്നദ്ധമായിരുന്നു. നിലവില്‍ വിജയകരമായ ഒരുപരീക്ഷണം മാത്രമേ നടന്നിട്ടുള്ളു. ഈ വര്‍ഷം അടുത്ത പരീക്ഷണം നടക്കും. മറ്റൊരു രാജ്യത്തിന് നല്‍കുന്നതിന് മുമ്പ് നിരവധി കടമ്പകള്‍ മറികടക്കേണ്ടതുണ്ട്.
Content Highlights: Reports suggest India may supply its LR-LACM long-range cruise missile to Greece
Published: 03 Jul 2025, 05:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented