
ഡോ. ഉമര്‍(ഇടത്ത്) ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കാറില്‍ പരിശോധന നടത്തുന്ന ഫൊറന്‍സിക് സംഘം(വലത്ത്) | Photo: x.com/upuknews1 & PTI
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ പൊട്ടിത്തെറിച്ചത് വാഹനത്തിൽ ഘടിപ്പിച്ച ഐഇഡി എന്ന് സ്ഥിരീകരിച്ച് എൻഐഎ. ഭീകരർ ആക്രമണം നടത്താൻ ഉദ്ദേശിച്ചത് മറ്റൊരു സ്ഥലത്തായിരുന്നുവെന്നും കാറിൽ കൊണ്ടുപോകവെ ബോംബ് പൊട്ടിത്തെറിച്ചെന്നുമാണ് കണ്ടെത്തൽ. രാജ്യത്തുള്ള ജെയ്ഷെ സ്ലീപ്പർ സെല്ലുകളെ കണ്ടെത്താനായി എൻഐഎ പരിശോധന വ്യാപിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പൊട്ടിത്തെറിച്ച കാറിൽ ഉണ്ടായിരുന്നത് ഉമർ ആണെന്ന് ഇതിനകം തന്നെ എൻഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ജെയ്ഷെ സ്ലീപ്പർ സെല്ലുകളുണ്ടാക്കാൻ ഇയാൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇത്തരത്തിൽ ഒരു ശൃംഖല ഉണ്ടാക്കുന്നതിന് വേണ്ടി ഇയാൾ സോഷ്യൽ മീഡിയയിൽ കൃത്യമായ ആസൂത്രണത്തോടെ ഇടപെടൽ നടത്തിയിരുന്നതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ചെങ്കോട്ട സ്ഫോടനത്തിലെ ചാവേർ ഉമർ മുഹമ്മദിൻ്റെ കൂട്ടാളി കശ്‌മീർ സമ്പൂര സ്വദേശി അമീർ റാഷിദ് അലിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റാഷിദ് അലി, സ്ഫോടനം നടത്താൻ ഉമറുമായി ഗൂഢാലോചന നടത്തുകയും ഇതിനായി ഡൽഹിയിലെത്തി കാർ വാങ്ങി സ്വന്തംപേരിൽ രജിസ്റ്റർചെയ്തതായും എൻഐഎ അറിയിച്ചു. ഉമറിന് വീട് വാടകയ്ക്കുനൽകിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹരിയാണയിൽനിന്ന് മറ്റുരണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. അതേസമയം, തീവ്രവാദികളുമായി ബന്ധമുണ്ടെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്ത മൂന്നുഡോക്ടർമാരടക്കം നാലുപേരെ വിട്ടയച്ചു. ഡോക്ടർമാരായ മുഹമ്മദ്, റഹാൻ, മസ്താഖിം, വളം വ്യാപാരി ദിനേശ് സിഗ്ള എന്നിവരെയാണ് വിട്ടയച്ചത്.
സ്ഫോടകവസ്തു ഉണ്ടാക്കുന്നതിനായി വലിയ അളവിൽ ഉമർ എൻപികെ വളം വാങ്ങിയിരുന്നു. ഇതിൽനിന്നാണ് സ്ഫോടകവസ്തുവുണ്ടാക്കിയത്. കഴിഞ്ഞ ഒരുവർഷമായി ചാവേറാകാൻ തയ്യാറായവരെ ഉമർ അന്വേഷിച്ചുവരുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയായ ജാസിർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചാവേറാകാൻ ഉമർ നിർബന്ധിച്ചെന്ന് ഇയാളും മൊഴിനൽകിയിട്ടുണ്ട്.
Content Highlights: Red Fort Blast: NIA Confirms IED Detonation, Uncovers Plot Beyond Original Target
Published: 17 Nov 2025, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented