
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പി-ശിവസേന സഖ്യസര്‍ക്കാരിനൊപ്പം ചേര്‍ന്ന അജിത് പവാറിന്റെ നീക്കത്തിന് ആദ്യ തിരിച്ചടിയേകി വിമതര്‍ക്കൊപ്പം ചേര്‍ന്ന എം.പിമാരില്‍ ഒരാള്‍ ശരദ് പവാര്‍ പക്ഷത്തേക്ക് തിരിച്ചെത്തി. അജിത് പവാറിന്റെ വിമത നീക്കത്തെ തള്ളി എം.പി അമോല്‍ കോല്‍ഹെയാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് വിമത നേതാക്കളില്‍ ഒരാള്‍ ശരദ് പവാര്‍ പക്ഷത്തേക്ക് തിരിച്ചെത്തിയത്.
മനസാക്ഷി അനുവദിക്കാത്തതിനാലാണ് തിരിച്ചുവരാനുള്ള തീരുമാനമെടുത്തതെന്നും നാളെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്നും അമോല്‍ കോല്‍ഹെ പറഞ്ഞു. 'മനസ്സും ഹൃദയവും തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം പറയുന്നത് കേള്‍ക്കണം. ഒരുപക്ഷേ, ചില സമയങ്ങളില്‍ മനസ്സ് ധാര്‍മികത മറന്നേക്കാം. എന്നാല്‍ ഹൃദയം ഒരിക്കലും അങ്ങനെ ചെയ്യില്ല', പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചതിന് പിന്നാലെ അമോല്‍ കോല്‍ഹെ ട്വീറ്റ് ചെയ്തു.
ചില എംഎല്‍എമാരെ തെറ്റിദ്ധരിപ്പിച്ചാണ് അജിത് പവാര്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിച്ചതെന്നും അവിടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന കാര്യം അവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും അമോല്‍ കോല്‍ഹെ തിരിച്ചെത്തിയതിന് പിന്നാലെ എന്‍സിപി നേതാവ് ജിതേന്ദ്ര അഹ്‌വാദ് പറഞ്ഞു. അമോലിന് സമാനമായി കൂടുതല്‍ വിമത നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്നും ജിതേന്ദ്ര അവകാശപ്പെട്ടു.
എന്‍സിപി പിളര്‍ത്തി മന്ത്രിമാരായ ഒമ്പത് എംഎല്‍എമാരേയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സ്പീക്കര്‍ക്ക് പാര്‍ട്ടി നേരത്തെ കത്ത് നല്‍കിയിരുന്നു. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവര്‍ ഒഴികെയുള്ള മുഴുവന്‍ എംഎല്‍എമാരേയും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുമെന്നും തിങ്കളാഴ്ച രാവിലെ എന്‍സിപി നേതാവ് ജയന്ത് പാട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ശ്രമങ്ങള്‍ ശരദ് പവാര്‍ ക്യാമ്പ് ആരംഭിച്ചതിന് പിന്നാലെയാണ് വിമതര്‍ക്കൊപ്പം ചേര്‍ന്ന അമോല്‍ കോല്‍ഹെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്.
Content Highlights: Rebel NCP MP Amol Kolhe Returns to Sharad Pawar
Published: 03 Jul 2023, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented