
ബെംഗളൂരു: ഐപിഎൽ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആരാധകർ മരിച്ചിട്ടും ആഘോഷം തുടർന്നതിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ കടുത്ത വിമർശനം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു വിരാട് കോലി അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ആഘോഷം നടന്നത്. ദുരന്തമുണ്ടായ വിവരം പുറംലോകമറിഞ്ഞിട്ടും സ്റ്റേഡിയത്തിൽ വിജയാഘോഷം തുടർന്നതാണ് വിമർശനത്തിന് വഴിവെച്ചത്. ആർസിബിയുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ നടന്നത് എന്നാണ് റിപ്പോർട്ട്.
വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നതോടെ വിജയാഘോഷ പരിപാടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇത് സ്ഥിരീകരിച്ചത്. അതേസമയം, ദുരന്തത്തിൽ പോലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നും ശിവകുമാർ പറഞ്ഞു. ദുരന്തത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെതിരേ ഗുരുതര ആരോപണമുയര്‍ത്തി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. ആള്‍ക്കൂട്ട നിയന്ത്രണത്തിനുള്ള നടപടികളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. സുരക്ഷ ഉറപ്പാക്കുന്നതിന് പകരം മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറും റീലുകള്‍ ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി.
ഒരു സ്ത്രീയും കുട്ടിയുമടക്കം 11 പേർ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ആറ് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുമുണ്ട്. ബുധനാഴ്ച ഉച്ചമുതൽ തന്നെ സ്റ്റേഡിയത്തിന് സമീപം വൻജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരാണ് ഇവിടേയ്ക്ക് എത്തിച്ചേർന്നത്. ഇത് വലിയ തിക്കിനും തിരക്കിനും ഇടയാക്കി. പഞ്ചാബ് കിങ്സിനെതിരായ ഫൈനലിനുശേഷം അഹമ്മദാബാദിൽനിന്ന് ബെംഗളൂരു താരങ്ങൾ വിമാനത്താവളത്തിൽ ഇറങ്ങിയതുമുതൽ വൻജനക്കൂട്ടം റോഡരികിൽ തടിച്ചുകൂടിയിരുന്നു.
നൂറ് കണക്കിനാളുകൾ ബാരിക്കേഡുകൾ തകർത്ത് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതി വഷളായത്. പോലീസ് ലാത്തി വീശിയെങ്കിലും നിയന്ത്രിക്കാനായില്ല. ആളുകൾ വൻതോതിൽ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പരേഡ് നടത്താമെന്ന നിലപാടാണ് കെസിഎ യും ആർസിബിയും സ്വീകരിച്ചത്. വിക്ടറി പരേഡ് നടക്കുന്നതിന് മുന്നോടിയായാണ് അപകടം നടന്നതെന്നാണ് വിവരം.
Content Highlights: In spite of the stampede death, RCB continued the victory celebration'; Criticism
Published: 04 Jun 2025, 07:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented