ദെഹ്റാദൂൺ: തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിക്കാന്‍ കഴിഞ്ഞ രക്ഷാദൗത്യത്തിന്റെ അവസാനഘട്ടം വിജയം കണ്ടത് റാറ്റ്‌ഹോള്‍ മൈനിങ്ങിലൂടെ. പേര് സൂചിപ്പിക്കുന്നതു പോലെ 'എലി മാളം' പോലുള്ള ചെറുതുരങ്കങ്ങള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയാണ് റാറ്റ് ഹോള്‍ മൈനിങ്. റാറ്റ് ഹോള്‍ മൈനേഴ്സ് എന്നറിയപ്പെടുന്ന പ്രത്യേക വൈദഗ്ധ്യം നേടിയ തൊഴിലാളികളാണ് ഇതിനായി പ്രവർത്തിക്കുന്നത്. 

To advertise here,

കല്‍ക്കരി ഖനനം ചെയ്തെടുക്കാനാണ് പ്രധാനമായി റാറ്റ് ഹോള്‍ മൈനിങ് നടത്തുന്നത്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി 2014-ല്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍, റാറ്റ് ഹോള്‍ മൈനിങ് നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം നിലനില്‍ക്കെ തന്നെ അനധികൃതമായി റാറ്റ് മൈനിങ് സജീവമാണ്. 

ട്രെഞ്ച്ലെസ് എൻജിനീയറിങ് സര്‍വീസസ് എന്ന കമ്പനിയാണ് റാറ്റ് ഹോള്‍ മൈനേഴ്സിനെ സില്‍ക്യാരയില്‍ എത്തിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനായി റാറ്റ് ഹോള്‍ മൈനിങ് നടത്തിയവരാണ് ഈ തൊഴിലാളികള്‍. നേരത്തേ ഡ്രില്ലിങ്ങിന് ഉപയോഗിച്ച അമേരിക്കന്‍ ഓഗര്‍ മെഷീനും കമ്പനിയുടേതായിരുന്നു.  

800 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പിനകത്ത് കയറിയാണ് റാറ്റ് ഹോള്‍ മൈനേഴ്സ് രക്ഷാവഴി നിര്‍മ്മിക്കുന്നത്. റാറ്റ് ഹോള്‍ മൈനേഴ്സിന്റെ 12 പേരടങ്ങുന്ന സംഘമാണ് സില്‍ക്യാരയിലുള്ളത്. ഒരുസമയം രണ്ട് പേരാണ് തുരങ്കത്തിനകത്ത് ഡ്രില്ലിങ് നടത്തിയത്. ഇവര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു. മുഴുവന്‍ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കാമെന്ന ആത്മവിശ്വാസം റാറ്റ് ഹോള്‍ മൈനേഴ്സ് പ്രകടിപ്പിച്ചിരുന്നു.

'അഞ്ചോ ആറോ മീറ്റര്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീര്‍ത്ത് അവരെ ഞങ്ങള്‍ പുറത്തെത്തിക്കും. ഒരു മീറ്റര്‍ തുരക്കാനായി ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയമാണ് ഞങ്ങളെടുക്കുന്നത്. ഇടയില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ കൂടുതല്‍ സമയമെടുക്കുമെന്ന് രക്ഷാപ്രവർത്തകർ പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങള്‍ തടസങ്ങളില്ലാതെ സുഗമമായി നടന്നു.