ഉത്തരകാശി: ''തുരങ്കത്തിന് അകത്തുള്ള തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പൈപ്പ് ഉള്ളിലേക്ക് കടത്തിയപ്പോള്‍ ഞാന്‍ അതിനുള്ളിലുണ്ടായിരുന്നു. തുരങ്കത്തില്‍ അകപ്പെട്ടവരെ ഞാന്‍ കണ്ടു. ഇപ്പോള്‍ ഈ തുരങ്കപാത തുറന്ന റോഡുപോലെയാണ്. ഇതിലൂടെ ആര്‍ക്കും വരാനും പോകാനും കഴിയും'', സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളി ബലീന്ദര്‍ യാദവിന്റെ വാക്കുകളാണിത്.

To advertise here,

ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെയായിരുന്നു രാജ്യം കേള്‍ക്കാന്‍ ആഗ്രഹിച്ച ആ വാര്‍ത്തയെത്തിയത്. നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളില്‍ ആദ്യത്തെയാള്‍ പുറത്തേക്ക്. ഒന്നരമണിക്കൂറുകൊണ്ട് മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിച്ചതോടെ ദൗത്യം പൂര്‍ണവിജയം. 

''രക്ഷാപ്രവര്‍ത്തനത്തിന്റെ സുപ്രധാനമായ നിമിഷം രാത്രി 7.05 ആയിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്‌ ധാമി, കേന്ദ്രമന്ത്രി വി.കെ.സിങ്‌, എന്‍.എച്ച്.ഐ.ഡി.സി.എല്‍ എം.ഡി മെഹമൂദ് അഹ്‌മദ്, ജില്ലാ ഭരണകൂടം, ഇന്ത്യന്‍ ആര്‍മി, രക്ഷാദൗത്യസംഘം എന്നിവരെല്ലാവരും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. ഈ കഥ ഇവിടെ പൂര്‍ണമായിരിക്കുന്നു'',-സോജി ലാ ടണല്‍ പ്രൊജക്ട് തലവന്‍ ഹര്‍പല്‍ സിങ് വ്യക്തമാക്കി. 

സര്‍ക്കാരിന്റെ സര്‍വ്വ സന്നാഹങ്ങള്‍, റാറ്റ് ഹോള്‍ മൈനേഴ്‌സ് എന്നറിയപ്പെടുന്ന വിദഗ്ധ തൊഴിലാളികള്‍, ഇന്ത്യന്‍ സൈന്യം, രക്ഷാദൗത്യത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ എന്നിങ്ങനെ നിരവധിപേരുടെ പ്രയത്‌നം ഈ വിജയത്തിനുപിന്നിലുണ്ട്.