കോട്ട (രാജസ്ഥാൻ): രാജസ്ഥാനിലെ കോട്ടയ്ക്കടുത്ത് രാജധാനി എക്സ്പ്രസിന്റെ എ.സി. കോച്ചിൽ തീപ്പിടിത്തമുണ്ടായത് പലരും ഉറക്കത്തിലായിരിക്കേ. രാവിലെ 5.15-ഓടെ കോട്ടയിൽനിന്ന് 50 കിലോമീറ്റർ അകലെ വിക്രംഗഡ് അലോട്ട് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. രത്ലാം ഡിവിഷന് കീഴിൽ വരുന്ന ഇടമാണിത്.
ബി-1 എ.സി. കോച്ചിലുണ്ടായിരുന്ന 68 യാത്രക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിൽ ഒട്ടേറെ മലയാളികളുണ്ട്.
രാവിലെയോടെ എഴുന്നേറ്റ ഒരാൾ പുക ഉയരുന്നതുകണ്ട് ബി-1 കോച്ചിലുള്ള എല്ലാവരെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ ട്രെയിൻ നിർത്തി യാത്രക്കാരെ ഉടൻ പുറത്തിറക്കിയതിനാൽ ആളപായമോ ആർക്കും പരിക്കുകളോ ഉണ്ടായില്ല. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ട്രെയിനിൽനിന്ന് ഈ കോച്ച് വേർപെടുത്തുകയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. കോച്ചുകൾ കത്തുന്നതിന്റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു.
ട്രെയിനിന്റെ കോച്ച് പൂർണമായി കത്തിനശിച്ചു. പലരുടെയും ലഗേജുകളും അഗ്നിക്കിരയായി. ട്രാക്കിന് സമീപമുള്ള മരങ്ങളിലേക്കും തീ പടർന്നിരുന്നു. അടുത്തുള്ള പാടങ്ങളിൽ ആളുകൾ വെച്ചിരുന്ന മോട്ടോറുകൾവെച്ചാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. അരമണിക്കൂർ കഴിഞ്ഞതോടെ ഫയർ എൻജിനുകളുമെത്തി. അപ്പോഴേക്കും കോച്ച് പൂർണമായി കത്തിക്കഴിഞ്ഞിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.
രത്ത്ലാം ഡിവിഷനിൽനിന്നുള്ള റെയിൽവേ ഡിവിഷൻ മാനേജരടക്കം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ലഗേജുകൾ കത്തിനശിച്ചതടക്കം യാത്രക്കാർക്ക് സംഭവിച്ച നഷ്ടങ്ങളുടെ കണക്കെടുക്കുന്നു. അഗ്നിക്കിരയായ പിറകിലെ കോച്ച് ഒഴിവാക്കി ട്രെയിൻ യാത്ര തുടരുമെന്നാണ് റിപ്പോർട്ട്. യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റുകയും യാത്ര തുടരാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. കോട്ട സ്റ്റേഷനിൽ എത്തിയ ശേഷം ട്രെയിനിൽ പുതിയ കോച്ച് ഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട 12431 രാജധാനി എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തേണ്ടതായിരുന്നു ഈ ട്രെയിൻ. ഏകദേശം 2,600 കിലോമീറ്റർ സഞ്ചരിച്ച ട്രെയിൻ ഡൽഹിക്ക് 450 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
Content Highlights: Fire reported in B-1 coach of 12431 Rajdhani Express near Vikramgarh Alot station., All 68 passengers evacuated safely with no injuries reported.
Published: 17 May 2026, 10:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented