ജയ്പുര്‍: പാര്‍ട്ടിവിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സച്ചിന്‍ പൈലറ്റിന്റെ പ്രാര്‍ഥനായോഗം. ഞായറാഴ്ച നടക്കുന്ന പ്രാര്‍ഥനായോഗത്തിനുശേഷം സച്ചിന്‍ പൈലറ്റ് ഭാവി രാഷ്ട്രീയപരിപാടികള്‍ പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതടക്കമുള്ള നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. പരസ്പരം പോരിലായിരുന്ന സച്ചിന്‍ പൈലറ്റും അശോക് ഗഹലോത്തും ഇരുവരുടെയും നിലപാടുകള്‍ മയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ അനുസ്മരണ ചടങ്ങ്‌ എല്ലാവര്‍ഷവുമുണ്ടാവുന്ന പതിവ് മാത്രമാണെന്നും യാതൊരു പ്രത്യേകതയില്ലെന്നുമാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പിന്റെ വിശദീകരണം.

To advertise here,

പൈലറ്റ് കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാജസ്ഥാനിലെ ദൗസയിലാണ് രാജേഷ് പൈലറ്റിന്റെ അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നത്. പ്രാര്‍ഥനായോഗവും റാലിയും നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, ഹൈക്കമാന്‍ഡ് ഇടപെടലിനെത്തുടര്‍ന്ന് റാലി നടത്തുന്നതില്‍നിന്ന് സച്ചിന്‍ പൈലറ്റ് പക്ഷം പിന്മാറിയിരുന്നു. ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുക്കാന്‍ മേയ് 29-ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ വസതിയില്‍ നടത്തിയ യോഗം വിജയമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നു.

പാര്‍ട്ടി വിടുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ പൈലറ്റ് തയ്യാറായിരുന്നില്ല. പൈലറ്റിന്റെ മൗനം അദ്ദേഹത്തിന്റെ ഭാവി പരിപാടികളെക്കുറിച്ച് സസ്‌പെന്‍സ് ബാക്കിയാക്കുകയാണ്. ഇതേസമയത്താണ്, ദൗസ എം.എല്‍.എയും സച്ചിന്റെ വിശ്വസ്തനും സംസ്ഥാന മന്ത്രിസഭാംഗവുമായ മുരളിലാല്‍ മീണ വിശദീകരണവുമായി രംഗത്തെത്തിയത്. രാജേഷ് പൈലറ്റിന്റെ ഈ വര്‍ഷത്തെ അനുസ്മരണ ചടങ്ങുകള്‍ക്ക് യാതൊരു പ്രത്യേകതയുമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'എല്ലാവര്‍ഷവും 3,000 മുതല്‍ 4,000 വരെ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ ഗുര്‍ജാര്‍ ഹോസ്റ്റലിന് സമീപം രാജേഷ് പൈലറ്റിന്റെ ഒരുപ്രതിമ അനാച്ഛാദനം ചെയ്യും. ശക്തിപ്രകടനമൊന്നും ഉണ്ടാവില്ല, ആകെ 500 ക്ഷണക്കത്തുകള്‍ മാത്രമാണ് തങ്ങള്‍ നല്‍കിയത്', മുരളിലാല്‍ മീണ കൂട്ടിച്ചേര്‍ത്തു.