ന്യൂഡല്‍ഹി: ബിസിനസ് ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നിശ്ചയിച്ചിരിക്കുന്നതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രാജ്‌സമന്ദിര്‍ മണ്ഡലം സ്ഥാനാര്‍ഥിയും മുന്‍ എം.എല്‍.എ.യുമായ സുദര്‍ശന്‍ റാവത്താണ് സ്ഥാനാര്‍ഥിത്വം നിരസിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്രയ്ക്ക് കത്തയച്ചത്.

To advertise here,

തന്റെ അവസരം യുവസ്ഥാനാര്‍ഥിക്ക് നല്‍കണം. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുനടന്ന ചര്‍ച്ചകളില്‍ പലതവണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ ജനക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. മാര്‍ച്ച് 25-ന് വൈകീട്ട് സാമൂഹികമാധ്യമങ്ങളിലൂടെയാണ് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള വാര്‍ത്തയറിയുന്നതെന്നും റാവത്തിന്റെ കത്തിലുണ്ട്.

ഏപ്രില്‍ 26-ന് വോട്ടെടുപ്പുനടക്കുന്ന മണ്ഡലമാണ് രാജ്സമന്ദിര്‍. ഉദയ്പുര്‍ രാജകുടുംബാംഗവും ബി.ജെ.പി. എം.എല്‍.എ. വിശ്വരാജ് സിങ് മേവാറിന്റെ ഭാര്യയുമായ മഹിമ വിശ്വേശ്വര്‍ സിങ്ങാണ് ബി.ജെ.പി. സ്ഥാനാര്‍ഥി.