
മുംബൈ: ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിക്കുന്നതായുള്ള വാർത്തകളെ സ്വാഗതംചെയ്ത് ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നവിസ്. ബന്ധുക്കളും ബദ്ധവൈരികളുമായ രാജ് താക്കറെയും ഉദ്ധവ് താക്കറെയും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഫട്നവിസിന്‍റെ പ്രതികരണം.
ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഇരുവരും തമ്മിൽ ഒന്നിക്കുന്നതിൽ യാതൊരു വിധത്തിലുള്ള സങ്കടത്തിന്റേയും ആവശ്യമില്ല. ഒരാൾ മറ്റൊരാളെ ക്ഷണിക്കുന്നു, അതിന് മറുപടി മറ്റേ ആൾ നൽകുന്നു. ഞങ്ങളെന്തിന് അതിൽ ഇടപെടണം, ഫട്നവിസ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയ ഭിന്നതകള്‍ അവസാനിപ്പിക്കാനും ഒരുമിക്കാനും ഒരുങ്ങുന്നെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ് താക്കറെയും സൂചന നൽകിയിരുന്നു. അവിഭക്ത ശിവസേനയില്‍നിന്ന് പിരിഞ്ഞ് 2005-ല്‍ രാജ് താക്കറേ എംഎന്‍എസ് സ്ഥാപിച്ചതാണ് താക്കറേ കുടുംബത്തില്‍ രാഷ്ട്രീയവിള്ളലിന് കാരണമായത്.
ഉദ്ധവിന്റെ പിതാവും ശിവസേന സ്ഥാപകനുമായ ബാല്‍ താക്കറേയുടെ സഹോദരന്‍ ശ്രീകാന്ത് താക്കറേയുടെ മകനാണ് രാജ്. രണ്ട് വ്യത്യസ്ത പരിപാടികളില്‍വെച്ചാണ് ഒരുമിച്ചേക്കുമെന്ന സൂചനകള്‍ ഇരുവരും നല്‍കിയത്. രാഷ്ട്രീയ വൈരത്തിനും മുകളിലാണ് മഹാരാഷ്ട്രയുടെ ഭാഷാ-സാംസ്‌കാരിക താല്‍പര്യങ്ങളെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
നടനും സംവിധായകനുമായ മഹേഷ് മാഞ്ജരേക്കറുടെ പോഡ്കാസ്റ്റ് ഷോയില്‍ പങ്കെടുക്കവേയാണ് രാജ് താക്കറേ തന്റെ നിലപാട് വ്യക്തമാക്കിയത്. എനിക്കും ഉദ്ധവിനും ഇടയിലുള്ള തര്‍ക്കങ്ങളും കലഹങ്ങളും നിസ്സാരമാണ്. മഹാരാഷ്ട്ര അതിനേക്കാളൊക്കെ വലുതാണ്. ഈ ഭിന്നതകള്‍മൂലം മഹാരാഷ്ട്രയുടെ നിലനില്‍പ്പിനും മറാത്തജനങ്ങള്‍ക്കും വലിയ വിലനല്‍കേണ്ടിവരികയാണ്. ഒരുമിച്ചു ചേരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. അത് ഇച്ഛാശക്തിയുടെ വിഷയമാണ്. ഇത് കേവലം എന്റെ മോഹമോ സ്വാര്‍ഥതയോ അല്ല. നാം വിശാലമായ കാഴ്ചപ്പാടോടെ വേണം സമീപിക്കാന്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ മറാത്തികള്‍ ഒത്തുചേര്‍ന്ന് ഒരു പാര്‍ട്ടി രൂപവത്കരിക്കണം, രാജ് താക്കറേ പറഞ്ഞു. ഉദ്ധവും രാജും തമ്മില്‍ ഒരുമിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ് താക്കറേ.
ഏക്‌നാഥ് ഷിന്ദേ ശിവസേന പിളര്‍ത്തിയതും താന്‍ പാര്‍ട്ടി വിട്ടതും ഒരുപോലെയല്ലെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു. ഞാന്‍ ശിവസേന വിട്ടപ്പോള്‍ എംഎല്‍എമാരും എംപിമാരും എനിക്കൊപ്പമുണ്ടായിരുന്നു. എന്നിട്ടും തനിച്ച് പോകാനാണ് ഞാന്‍ തീരുമാനിച്ചത്. കാരണം, ബാല്‍ താക്കറേയ്ക്ക് കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഉദ്ധവിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍, എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മറുഭാഗം തയ്യാറാണോ എന്നതാണ് ചോദ്യം, രാജ് താക്കറേ പറഞ്ഞു.
ഭാരതീയ കാംഗര്‍ സേന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേയാണ് ഉദ്ധവ് താക്കറേ തന്റെ നിലപാട് വ്യക്തമാക്കിയത്. നിസ്സാര തര്‍ക്കങ്ങള്‍ വിട്ടുകളയാന്‍ ഞാൻ തയ്യാറാണ്. മഹാരാഷ്ട്രയുടെ താല്‍പര്യം മുന്‍നിര്‍ത്തി ഒരുമിക്കാന്‍ എല്ലാ മറാത്തികളോടും അഭ്യര്‍ഥിക്കുകയാണ്. പക്ഷേ, ഒരു നിബന്ധനയുണ്ട്. വ്യവസായങ്ങള്‍ ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നെന്ന് ഞങ്ങള്‍ പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അന്ന് ഒരുമിച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് രൂപം നല്‍കാമായിരുന്നു, ഉദ്ധവ് പറഞ്ഞു. ഒരുദിവസം അവരെ പിന്തുണയ്ക്കും അടുത്തദിവസം അവരെ എതിര്‍ക്കും. വീണ്ടും ഒത്തുതീര്‍പ്പിലെത്തും. അങ്ങനെ പക്ഷങ്ങള്‍ മാറിക്കൊണ്ടിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹരാഷ്ട്രയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ സ്വാഗതംചെയ്യില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.
Content Highlights: raj thackeray uddhav thackeray reunion fadnavis welcome
Published: 20 Apr 2025, 02:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented