സസാറാം (ബിഹാര്‍): 'വോട്ടുകവര്‍ച്ച' ആരോപണമുന്നയിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക് ഞായറാഴ്ച ബിഹാറിലെ സസാറാമില്‍ തുടക്കമായി. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താന്‍ നടത്തുന്നതെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
'ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ കമ്മിഷന്‍ നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നതെന്ന് വാര്‍ത്താസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസ് തുറന്നുകാട്ടി. ബിഹാറില്‍ മാത്രമല്ല, അസമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിഹാറിലെ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. വോട്ട് അധികാര്‍യാത്രയ്ക്ക് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കുകയാണെന്ന് ആരോപിച്ചാണ് രാഹുലിന്റെ യാത്ര.
രണ്ടാഴ്ചയോളം രാഹുല്‍ ബിഹാറിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ഊര്‍ജം പകരാന്‍ യാത്രയിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ 25 ജില്ലയിലാണ് പര്യടനം. ഞായറാഴ്ച ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പംചേരും.
സഖ്യത്തിലെ സംസ്ഥാനത്തെ ഘടകകക്ഷികളുടെ നേതാക്കളും എത്തും. യാത്രയ്ക്കുമുന്നോടിയായി ആര്‍ജെഡി പ്രചാരണഗാന വീഡിയോ പുറത്തുവിട്ടു. രാഹുലുമായി തേജസ്വി വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങളും ഉള്ളടക്കത്തിലുണ്ട്. സെപ്റ്റംബര്‍ ഒന്നിന് പട്‌ന ഗാന്ധി മൈതാനിയില്‍ 'ഇന്ത്യസഖ്യ' നേതാക്കള്‍ പങ്കെടുക്കുന്ന ബഹുജനറാലിയോടെ സമാപിക്കും.
Content Highlights: rahul gandhis vote adhikar yatra starts at sasaram bihar india news
Published: 17 Aug 2025, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented