
സസാറാം(ബിഹാർ): ആർജെഡി ദേശീയാധ്യക്ഷൻ ലാലുപ്രസാദ് യാദവും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചേർന്ന് ദേശീയപതാക വീശി. അവരത് രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനും കൈമാറി. ആ പതാകയും കൊണ്ട് ഇരുവരും ജനങ്ങളിലേക്കിറങ്ങി. സസാറാമിലെ വയൽപ്പരപ്പിലേക്ക് രാഹുലിനെ കേൾക്കാനും വോട്ടർ അധികാർ യാത്രയുടെ തുടക്കത്തിന് സാക്ഷിയാകാനും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. അവരോടായി രാഹുൽ തിരഞ്ഞെടുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കുറിച്ച് പറഞ്ഞു.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെട്ടെന്നും ബിജെപി നടത്തിയ ഒടുവിലത്തെ ഗൂഢാലോചനയാണ് ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണമെന്നുമുള്ള രാഹുലിന്റെ പ്രസംഗം വമ്പൻ കരഘോഷത്തോടെയാണ് ജനാവലി സ്വീകരിച്ചത്.
‘‘രാഹുൽ, തേജസ്വി...’’ വിളികൾ മൈതാനിയിലാകെ മുഴങ്ങി. പൊതുപരിപാടിയിൽ പങ്കെടുക്കരുതെന്ന് ലാലു പ്രസാദ് യാദവിനോട് ഡോക്ടർ നിർദേശിച്ചതാണ്. അതൊന്നും പരിഗണിക്കാതെ റാലിക്കെത്തിയ ലാലുവിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയെന്ന് രാഹുൽ. ഒരുമിച്ചു പോരാടുമെന്ന് തേജസ്വി.
ബിഹാറിലെ ഇന്ത്യസഖ്യപ്പാർട്ടികളെല്ലാം സസാറാമിലേക്ക് എത്തി. കോൺഗ്രസ് കൊടി കൈകളിലേന്തിയവർ തേജസ്വിക്കും സിന്ദാബാദ് വിളിച്ചു. ആർജെഡിക്കാർ രാഹുലിനായി കരഘോഷം മുഴക്കി. പലനിറത്തിലുള്ള കൊടികൾ വയൽപ്പരപ്പിലാകെ നിറഞ്ഞു. മോദി അപകടകാരിയായ മനുഷ്യനാണെന്ന് മല്ലികാർജുൻ ഖാർഗെ. എത്ര ആർഎസ്എസുകാർ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജയിലിൽ പോയിട്ടുണ്ട്? പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ ആർഎസ്എസ് പ്രശംസയിൽ ഖാർഗെയുടെ ചോദ്യം.
വൈകീട്ടോടെ അംബേദ്കർ ചൗക്കിൽ നിന്നാരംഭിച്ച വാഹനയാത്രയിൽ രാഹുലും തേജസ്വിയും ഒരുമിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു. സോൻ ബസാറിൽ ആൾക്കൂട്ടം ഒരു അംബേദ്കർ ചിത്രം നേതാക്കൾക്ക് കൈമാറി. രാത്രി ഔറംഗാബാദിൽ എത്തുമ്പോഴും വലിയ ജനക്കൂട്ടം കാത്തുനിൽക്കുന്നുണ്ടായിരുന്നു. 16 ദിവസം നീളുന്ന യാത്ര 1300 കിലോമീറ്റർ സഞ്ചരിച്ച് സെപ്‌റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനിയിൽ സമാപിക്കും.
Content Highlights: rahul gandhis vote adhikar yatra sasaram bihar
Published: 18 Aug 2025, 06:55 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented