രാജകുമാരി: സിപിഎം രാജാക്കാട് ഏരിയ സെക്രട്ടറിയും എം.എം.മണി എംഎൽഎയുടെ മകളുമായ സുമാ സുരേന്ദ്രന് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലും, രാജകുമാരി പഞ്ചായത്തിലും വോട്ട്. രാജകുമാരി പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയായ സുമാ സുരേന്ദ്രന് ഈ പഞ്ചായത്തിലെ ഒന്നാം വാർഡിലും രാജാക്കാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലുമാണ് വോട്ടുള്ളത്.

To advertise here,

നിലവിൽ രാജാക്കാട് പഞ്ചായത്ത് അഞ്ചാംവാർഡിൽ സ്ഥിരതാമസമാണ്. മുൻപ് രാജകുമാരി പഞ്ചായത്ത് ഒന്നാം വാർഡിൽനിന്ന് ജയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ആയത്. പഞ്ചായത്തംഗമായിരുന്നപ്പോൾ അവിടെയാണ് താമസിച്ചിരുന്നതെന്നും പിന്നീട് രാജാക്കാട് പഞ്ചായത്തിലേക്ക് താമസം മാറിയതാണെന്നും സുമ സുരേന്ദ്രൻ പറഞ്ഞു. രാജകുമാരി പഞ്ചായത്തിലെ വോട്ട് റദ്ദാക്കാൻ രേഖാമൂലം അപേക്ഷ നൽകിയതാണെന്നും അവർ പറഞ്ഞു.

എൻആർ സിറ്റിയിലെ എകെജി സേവാകേന്ദ്രം വഴിയാണ് അപേക്ഷ നൽകിയത്. ജീവനക്കാരുടെ വീഴ്ചയായിരിക്കും രാജകുമാരിയിലെ വോട്ട് റദ്ദാകാതിരിക്കാൻ കാരണമെന്ന് കരുതുന്നു. രാജകുമാരി പഞ്ചായത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് ഉണ്ടെന്നും സ്ഥിരതാമസക്കാരല്ലാത്തവരെ ഇതിൽ ഉൾപ്പെടുത്തിയെന്നും തങ്ങളുടെ അനുഭാവികളുടെ വോട്ട് ഒഴിവാക്കിയെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.