ന്യൂഡൽഹി: രാജ്യത്തെ ജാതിവിവേചനം ഉയർത്തി ആർഎസ്എസിനെയും ബിജെപിയേയും കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചായക്കടകളിൽ പോലും ജാതിവിവേചനം ഉണ്ടെന്ന് രാഹുൽ ഗാന്ധി ദൃശ്യങ്ങളടക്കം ചൂണ്ടിക്കാട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദളിതർക്ക് പേപ്പർ കപ്പിലും മറ്റുള്ളവർക്ക് ഗ്ലാസിലും നൽകുന്നു. സ്കൂളുകളിൽ ദളിത് വിദ്യാർഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിപ്പിക്കുന്നു. ഖാർഗെ ഉൾപ്പെടെയുള്ളവർക്ക് അവഗണന നേരിട്ടു. ഇത് ഇന്ത്യയിലെ യാഥാർത്ഥ്യമാണെന്നും രാഹുൽ പറഞ്ഞു.
ഇത്തരത്തിൽ ശുദ്ധീകരണം നടത്തുന്നത് കുറ്റകൃത്യമാണ്. എന്നാൽ ഇതിനെതിരേ ഒരു നടപടിയും സർക്കാർ എടുത്തില്ല. കുറ്റക്കാർക്കെതിരേ എത്രയും പെട്ടെന്ന് എഫ്ഐആർ രേഖപ്പെടുത്തണം. ശുദ്ധീകരണം നടത്തിയ ഓരോരുത്തർക്കെതിരേയും എസ്.സി. എസ്.ടി. ആക്ട്പ്രകാരം നടപടിയെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം. കോൺഗ്രസ് അധ്യക്ഷൻ നേരിട്ട തൊട്ടുകൂടായ്മയ്ക്കെതിരേ നീതിവേണം. ഞങ്ങൾ കൂടുതലൊന്നും പറയുന്നില്ല. ഉത്തരാഖണ്ഡിൽ കോൺഗ്രസ് അധ്യക്ഷൻ നേരിട്ട വിവേചനത്തിൽ നീതി വേണം. അത് സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റെയും ഉത്തരവാദിത്വമാണ്- രാഹുൽ പറഞ്ഞു.
കോൺഗ്രസിൽ നിന്നുള്ളവർ പോലും തന്നെ പിന്തുണച്ചില്ലെന്ന ഖാർഗെയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്; 'കോൺഗ്രസ് നേതാക്കൾ പിന്തുണ നൽകിയിട്ടില്ല എന്ന് ഖാർഗെ പറഞ്ഞിട്ടില്ല. കുറച്ച് ആളുകൾ പിന്തുണച്ചില്ല എന്നാണ് പറഞ്ഞത്. കോൺഗ്രസിൽ നിന്നുള്ള കൂടുതൽ പേരും പിന്തുണച്ചില്ല എന്ന് പറഞ്ഞിട്ടില്ല. ഞാനടക്കമുള്ളവർ അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹത്തെ പിന്തുണച്ചിട്ടില്ലെന്ന് തോന്നിയ ചിലരെക്കുറിച്ച് മാത്രമാണ് അദ്ദേഹം പറഞ്ഞത്' എന്ന് രാഹുൽ മറുപടി നൽകി.
ഇത് ഖാർഗെയുടെ മാത്രം വിഷയം അല്ലെന്നും രാജ്യത്തെ കുട്ടികളടക്കമുള്ള ദളിതരുടെ വിഷയമാണെന്നും രാഹുൽ പറഞ്ഞു. ഖാർഗെ ഞങ്ങളുടെ അധ്യക്ഷനായതുകൊണ്ടാണ് ഇക്കാര്യം ഞങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ, രാജ്യത്തെ ഓരോ ദളിത് വ്യക്തിയും ഓരോ സ്ത്രീകളും നേരിടുന്നുണ്ട്. അത് അംഗീകരിക്കാനാകില്ല. ശുദ്ധീകരണം നടത്തിയതിന് പിന്നിൽ തൊട്ടുകൂടായ്മയാണ്. ഇതിനെതിരേ നടപടി വേണം. ബിജെപി നടപടി എടുത്തില്ലെങ്കിൽ ഞങ്ങൾ അത് നേടിയിരിക്കും. അവർ രക്ഷപ്പെടാൻ പോകുന്നില്ല. കോൺഗ്രസ് പാർട്ടി അവരെ രക്ഷപ്പെടാൻ അനുവദിക്കില്ല- രാഹുൽ ഗാന്ധി.
ഹൽദ്വാനിയിലെ രാംലീല മൈതാനിയിൽ നടന്ന 'വിജയ് ശംഖനാദ്' റാലിയിലാണ് ഖാർഗെ പ്രസംഗിച്ചത്. രണ്ട് ദിവസങ്ങൾക്ക് ശേഷം 'ശ്രീരാം സേന' എന്ന സംഘടന വേദിയുടെ ശുദ്ധീകരണത്തിനായി ഹോമം നടത്തിയെന്നാണ് റിപ്പോർട്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തിൽ ഖാർഗെ ഈ വിഷയം രാജ്യസഭയിൽ വൈകാരികമായി ഉന്നയിച്ചിരുന്നു. വിഷയം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Content Highlights: Rahul Gandhi highlighted widespread caste discrimination in India, including tea stalls and schools., Demanded strict action and FIRs under the SC/ST Act against those involved in purification rituals., Addressed Mallikarjun Kharge's discrimination incident in Uttarakhand., Reiterated Congress party's unwavering support for Kharge and marginalized communities.
Published: 29 Aug 2026, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented