ന്യൂഡല്‍ഹി:  ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനെതിരെ പോരാടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രതിരോധ സേനയുടെ കൈ കെട്ടിയിട്ടിട്ടാണ് പാകിസ്താനെതിരെ ആക്രമിക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  പറയുന്നത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് ട്രംപിനെ നുണയനെന്ന് വിളിക്കാന്‍ പ്രധാനമന്ത്രി മടിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെ 1971-ലെ യുദ്ധവുമായി താരതമ്യം ചെയ്ത പ്രതിരോധമന്ത്രിക്ക് തെറ്റു പറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കരസേനയേയും വ്യോമസേനയേയും നാവികസേനയേയും ഉപയോഗിക്കണമെങ്കില്‍ ആദ്യം തന്നെ രണ്ട് കാര്യങ്ങള്‍ ഉണ്ടായിരിക്കണം. രാഷ്ട്രീയ ഇച്ഛാശക്തിയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സേനകളുടെ സ്വാതന്ത്ര്യവും. 1971-ലെ യുദ്ധവുമായാണ് ഓപ്പറേഷന്‍ സിന്ദൂറിനെ പ്രതിരോധ മന്ത്രി താരതമ്യപ്പെടുത്തിയത്. അന്നത്തെ യുദ്ധത്തില്‍ ഭരണനേതൃത്വത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തെ ഓര്‍മിപ്പിക്കാനുള്ളത്. അമേരിക്കന്‍ നാവികസേനയുടെ ഏഴാം കപ്പല്‍ വ്യൂഹം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തിയപ്പോഴും ബംഗ്ലാദേശില്‍ എന്താണോ ചെയ്യേണ്ടത് അത് ചെയ്യുമെന്നാണ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പറഞ്ഞത്. അതാണ് രാഷ്ട്രീയ ഇച്ഛാശക്തി. അവിടെ യാതൊരു ആശയക്കുഴപ്പവുമില്ലായിരുന്നു. 

യുദ്ധവിമാനങ്ങളും വിമാനവാഹിനികളുമായി ലോകശക്തി അന്ന് വന്നു. പക്ഷെ, പ്രധാനമന്ത്രി അന്ന് പറഞ്ഞത്, 'ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല, വരൂ, ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങള്‍ ചെയ്യും' എന്നാണ്.- രാഹുല്‍ ഗാന്ധി പറഞ്ഞു. 

അന്നത്തെ കരസേന മേധാവി സാം മനേക്ഷാ ഓപ്പറേഷന്‍ ആരംഭിക്കാന്‍ ആറ് മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ തന്ത്രങ്ങളൊരുക്കാന്‍ വേണ്ടത്ര സമയമെടുത്തോളാനാണ് അന്ന് പ്രപധാനമന്ത്രി ഇന്ദിര ഗാന്ധി പറഞ്ഞത്. അങ്ങനെ ഒരു ലക്ഷത്തോളം പാക് സൈനികരുടെ കീഴടങ്ങലിലേക്കും ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ രൂപീകരണത്തിലേക്കും നയിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.