ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുൽ ഗാന്ധി. അവർ കുറ്റവാളികളല്ലെന്നും ന്യായമായ കാര്യങ്ങളാണ് അവർ ആവശ്യപ്പെട്ടതെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിജെപി പ്രതിഷേധത്തിൽ ഡൽഹി പോലീസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്.
‘അടിച്ചമർത്താൻ വിദ്യാർഥികൾ എന്താണ് ചെയ്തത്. അവർ കുറ്റവാളികൾ ആയിരുന്നില്ല. രാജ്യത്തെ വിദ്യാർഥികളെ കേൾക്കാനാണ് അവർ ആവശ്യപ്പെട്ടത്. ന്യായമായ കാര്യങ്ങളാണ് അവർ ആവശ്യപ്പെട്ടത്. വിദ്യാർഥികൾ ആത്മഹത്യ ചെയ്യുകയാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് അവർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വിദ്യാർഥികൾ ഭീകരവാദികളല്ല. അവർ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്’, രാഹുൽ പറഞ്ഞു.
‘കഴിഞ്ഞ പത്തുവർഷത്തിനിടെ 152 പേപ്പറുകളാണ് ചോർന്നത്. ഏഴര കോടി വിദ്യാർഥികളേയും അവരുടെ കുടുംബാംഗങ്ങളേയുമാണ് ഇത് ബാധിച്ചത്. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെത്തന്നെ ഇത് അട്ടിമറിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ തകർത്തു’, രാഹുൽ പറഞ്ഞു.
‘വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ ധർമേന്ദ്ര പ്രധാൻ പരാജയപ്പെട്ടു. അദ്ദേഹം രാജിവെക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. ഈ സംവിധാനം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം പ്രാപ്തനല്ല. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് വിദ്യാർഥികളു ന്യായമായ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ യുവത്വത്തിന് ഭാവിയില്ല. കോർപ്പറേറ്റ് ജോലി എഐ കാരണം തകർന്നു’, രാഹുൽ പറഞ്ഞു.
കേന്ദ്രത്തിന് മുന്നിൽ മൂന്ന് ആവശ്യങ്ങളും രാഹുൽ ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം. വിദ്യാർഥികളെ തല്ലിച്ചതച്ചവർക്കെതിരേ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പു പറയണം, എന്നീ ആവശ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്.
Content Highlights: Rahul Gandhi highlights 152 exam paper leaks over the last decade., Protest against police brutality on students in Delhi., 7.5 crore students affected by systemic exam failures., Demand for accountability in the Indian education examination system.
Published: 22 Jul 2026, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented