ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ആർഎസ്എസിനെയും രാജ്യദ്രോഹികൾ എന്ന് സംബോധന ചെയ്യാൻ ആവശ്യപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദത്തിലേക്ക്. പാകിസ്താന്റെയും പാക് പിന്തുണയുള്ള ഭീകരരുടെയും ഭാഷയാണ് രാഹുൽ ഗാന്ധിയുടേതെന്ന ആക്രമണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.

To advertise here,

"നിങ്ങൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ, ഈ ആർ‌എസ്‌എസ്‌ പ്രവർത്തകർ നിങ്ങളെ സമീപിക്കുമ്പോൾ, അവർ നരേന്ദ്ര മോദിയെക്കുറിച്ചും അമിത് ഷായെക്കുറിച്ചും സംസാരിക്കും. നിങ്ങൾ അവരുടെ മുഖത്തേക്ക് നോക്കി പറയുക, 'നിങ്ങളുടെ പ്രധാനമന്ത്രി ഒരു രാജ്യദ്രോഹിയാണ്, നിങ്ങളുടെ ആഭ്യന്തര മന്ത്രി ഒരു രാജ്യദ്രോഹിയാണ്, നിങ്ങളുടെ സംഘടന ഒരു രാജ്യദ്രോഹസംഘടനയാണ്. നിങ്ങൾ ഇന്ത്യയെ വിറ്റുതുലയ്ക്കാൻ പ്രവർത്തിച്ചു. നിങ്ങൾ ഞങ്ങളുടെ സംഘടനയെ, ഞങ്ങളുടെ ഭരണഘടനയെ, ബി.ആർ. അംബേദ്കറെ, മഹാത്മാഗാന്ധിയെ ആക്രമിച്ചു.' അവരോട് ഇത് പറയുക." ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ബുധനാഴ്ച കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

രാഷ്ട്രത്തോട് പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ തെളിയിച്ചിരിക്കുന്നുവെന്ന് ബിജെപി രാഹുലിനെ കുറ്റപ്പെടുത്തി. "രാഹുൽ ഗാന്ധിയുടെ ഭാഷ ശത്രു രാജ്യത്തിന്റേതായി മാറിയിരിക്കുന്നു. രാഹുൽ ഗാന്ധി എതിർരാജ്യങ്ങൾ സംസാരിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ലോകത്തിനറിയാം. അതിന് രാഹുൽ ഗാന്ധിയുടെ സാക്ഷ്യപത്രം ആവശ്യമില്ല. ഇന്ന് രാഹുൽ ഗാന്ധി രാജ്യത്ത് അസ്വസ്ഥത ആഗ്രഹിക്കുന്നു, പക്ഷേ ഈ രാജ്യത്തെ ജനങ്ങളും യുവാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കൊപ്പമാണെന്ന് അദ്ദേഹം മറക്കരുത്," കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.

ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രാഹുലിന്റെ പ്രസ്താവനകളെ ജനാധിപത്യത്തോടുള്ള അനാദരവ് എന്ന് വിശേഷിപ്പിച്ചു. "രാഹുൽ ഗാന്ധി 140 കോടി ഇന്ത്യക്കാരെയും രാജ്യദ്രോഹികളെന്ന് വിളിക്കുന്നു. പാകിസ്താന്റെയും പാക് പിന്തുണയുള്ള ഭീകരരുടെയും ഭാഷയാണ് അദ്ദേഹത്തിന്റേത്, കാരണം അത്തരം പ്രസ്താവനകൾ നടത്താൻ അവർക്കേ കഴിയൂ. രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ ലക്ഷ്യം ഒരു രാഷ്ട്രീയ എതിരാളിയുടേതല്ല, മറിച്ച് ഇന്ത്യൻ രാഷ്ട്രത്തോട് പോരാടാൻ ആഗ്രഹിക്കുന്ന ഒരാളുടേതാണെന്നും" ഭണ്ഡാരി ആരോപിച്ചു.

"ഇന്ന് രാഹുൽ ഗാന്ധി പറയുന്ന കാര്യങ്ങൾ യഥാർഥത്തിൽ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുമ്പോൾ ചെയ്ത കാര്യങ്ങളാണ്. ഇന്ത്യൻ ജനതയെ രക്ഷിച്ചത് ബാബാസാഹെബ് അംബേദ്കർ ആയിരുന്നു. എന്നിട്ടും, ആ ബാബാസാഹെബ് അംബേദ്കറെ അപമാനിച്ചത് കോൺഗ്രസ് പാർട്ടിയാണ്," മുതിർന്ന ബിജെപി നേതാവും എംപിയുമായ അനുരാഗ് താക്കൂർ പറഞ്ഞു, "ഇത്തരം നിന്ദ്യമായ ഭാഷ ഉപയോഗിക്കുന്നത് കോൺഗ്രസിന്റെ പതിവ് രീതിയാണ്. 1965-ലെ യുദ്ധമായാലും അടിയന്തരാവസ്ഥയായാലും. പ്രധാനമന്ത്രി മോദിയെ അധിക്ഷേപിക്കുന്നതും ആർ‌എസ്‌എസ്‌നെ അപമാനിക്കുന്നതും ഇപ്പോൾ അവരുടെ സ്ഥിരം രീതിയായി മാറിയിരിക്കുന്നു," താക്കൂർ കൂട്ടിച്ചേർത്തു.