ന്യൂഡൽഹി: ഇംഗ്ലീഷിൽ സംസാരിക്കുന്ന ആളുകൾക്ക് ഉടൻ 'നാണക്കേട്' തോന്നിത്തുടങ്ങുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓരോ കുട്ടിയെയും ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതുണ്ടെന്നും അത് ലോകത്തോട് മത്സരിക്കുന്ന, ഓരോ കുട്ടിക്കും തുല്യ അവസരം നൽകുന്ന ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.

To advertise here,

ഭാഷ ഒരു തടസ്സമല്ല, മറിച്ച് ഓരോ കുട്ടിക്കും തുല്യ അവസരം നൽകുന്ന പാലമാണ്. എന്നാൽ, ബിജെപി-ആർഎസ്എസ്, ദരിദ്രരെ ഈ ഭാഷ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് ചോദ്യങ്ങൾ ചോദിക്കാൻ അവരെ ശക്തിപ്പെടുത്തും. ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും ആത്മാവും സംസ്‌കാരവും അറിവും ഉണ്ടെന്നും അത് പൊന്നുപോലെ സൂക്ഷിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. 

''ഇംഗ്ലീഷ് ഒരു അണക്കെട്ടല്ല, അതൊരു പാലമാണ്. ഇംഗ്ലീഷ് നാണക്കേടല്ല, അത് ശക്തിയാണ്. ഇംഗ്ലീഷ് ഒരു ചങ്ങലയല്ല, ചങ്ങലകൾ പൊട്ടിക്കാനുള്ള ഉപകരണമാണ്. ഇന്നത്തെ ലോകത്ത്, ഇംഗ്ലീഷ് നിങ്ങളുടെ മാതൃഭാഷ പോലെ പ്രധാനമാണ്  കാരണം അത് തൊഴിൽ നൽകുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും.'' ഒരു കൂട്ടം യുവാക്കളുമായുള്ള സംവാദത്തിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു, ബിജെപി-ആർഎസ്എസ് നേതാക്കൾ ഇംഗ്ലീഷിൽ സംസാരിക്കരുത്, ഹിന്ദിയിൽ സംസാരിക്കണമെന്ന് അവരോട് ആവശ്യപ്പെടുന്നതായി അദ്ദേഹം വീഡിയോയിൽ അവകാശപ്പെട്ടു.

വാർട്ടൺ സ്‌കൂൾ, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ, ഓക്‌സ്‌ഫോർഡ്, ഹാർവാർഡ്, യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ്, യേൽ തുടങ്ങിയ വിദേശ സ്ഥാപനങ്ങളിൽ പഠിച്ച ബിജെപി നേതാക്കളുടെ ഒരു ലിസ്റ്റും താൻ ഒരിക്കലും ഇംഗ്ലീഷ് ഉപയോഗിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറയുന്ന ക്ലിപ്പും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

''ബിജെപി മന്ത്രിമാരെ നോക്കൂ, അവരെല്ലാം ഇംഗ്ലണ്ടിൽ പഠിക്കാൻ പോകുന്നു. ഇംഗ്ലീഷ് ഒരു ആയുധമാണ്. ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് എവിടെയും പോകാം. അമേരിക്കയിൽ എത്താം, ജപ്പാനിൽ... നിങ്ങൾക്ക് എവിടെയും പോകാം, ഏത് കമ്പനിയിലും ജോലി ചെയ്യാം. ഇംഗ്ലീഷ് നിങ്ങളുടെ ഏറ്റവും വലിയ ആയുധമായിരിക്കും, കാരണം അത് നിങ്ങളെ എവിടെയും കൊണ്ടുപോകും.'' രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി ''ഏറ്റവും പരിഹാസ്യമായ പ്രസ്താവന''യാണ് നടത്തിയതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ അദ്ദേഹത്തേക്കാൾ കൂടുതൽ ഇന്ത്യൻ ഭാഷകളും ഇംഗ്ലീഷും സംസാരിക്കുന്നു. സർദാർ വല്ലഭായി പട്ടേൽ വഹിച്ചിരുന്ന സ്ഥാനത്ത് അമിത് ഷാ അപമാനമാണ്. ജയറാം രമേശ് പറഞ്ഞു.

അമിത് ഷായുടെ പരാമർശം ഇന്ത്യൻ ഭാഷകളെ ഉയർത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് ഭാഷാപരവും സാംസ്‌കാരികവുമായ ആധിപത്യം സ്ഥാപിക്കാനുള്ള ആർഎസ്എസിന്റെ 'പദ്ധതിക്ക്' അനുസൃതമായി ഇംഗ്ലീഷിനെ ഹിന്ദി കൊണ്ട് പകരം വയ്ക്കാനുള്ള വൃത്തികെട്ട നീക്കമാണെന്ന് സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ് കുമാർ പറഞ്ഞു.

വ്യാഴാഴ്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അഷുതോഷ് അഗ്‌നിഹോത്രിയുടെ പുസ്തകപ്രകാശന ചടങ്ങിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനെതിരെ രൂക്ഷമായി പ്രസ്താവന നടത്തിയത്. കൊളോണിയൽ അടിമത്വത്തിന്റെ പ്രതീകമായി ലോകമെമ്പാടും ഇംഗ്ലീഷ് ഭാഷ അവഗണിക്കപ്പെടുമെന്നും  രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ താമസിയാതെ ലജ്ജിക്കുമെന്നും അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. 

രാജ്യത്തെ ഭാഷകൾ ഇന്ത്യൻ സംസ്‌കാരത്തിന്റെ വിലമതിക്കാനാകാത്ത രത്നങ്ങളാണെന്നാണ് താൻ കരുതുന്നതെന്നും ആ ഭാഷകളുടെ അഭാവത്തിൽ നാം യഥാർഥ ഇന്ത്യക്കാരല്ലാതായി തീരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും മതവിശ്വാസത്തെയും മനസ്സിലാക്കാൻ ഒരു വിദേശഭാഷയും പകരമാകില്ല. അപൂർണമായ വിദേശഭാഷകളിലൂടെ പൂർണമായ ഇന്ത്യയെ വിഭാവനം ചെയ്യാൻ സാധിക്കില്ല. ഷാ പറഞ്ഞു.