ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമെതിരേ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരെ പ്രധാൻ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെ രാഹുൽ വിമർശിച്ചു. സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തങ്ങളുടെ അവകാശങ്ങളും നീതിപൂർവമായ പരീക്ഷാ നടത്തിപ്പും സുരക്ഷിതമായ ഭാവിയും ആവശ്യപ്പെടുന്ന വിദ്യാർഥികളെ വിദ്യാഭ്യാസമന്ത്രി ‘ഭീകരവാദികൾ’ എന്ന് വിളിക്കുന്ന നിലയിലേക്ക്, അധികാരത്തിന്റെ ധാർഷ്ട്യത്തിൽ മോദിസർക്കാർ മുങ്ങിത്താഴ്ന്നിരിക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. ഒന്ന് ചിന്തിച്ചുനോക്കൂ, അനവധി ചോദ്യപേപ്പർ ചോർച്ചകൾക്ക് കാരണക്കാരനായ, 20 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടാനിടയാക്കിയ, ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി ഇരുളിലേക്ക് തള്ളിയിട്ട ആൾ, ഇന്ന് ദുരിതം അനുഭവിക്കുന്ന കുട്ടികളെയും ശബ്ദമുയർത്തുന്നവരെയും ഭീകരവാദികളെന്ന് വിളിക്കുകയാണ്, പ്രധാനെ ഉന്നമിട്ട് രാഹുൽ പറഞ്ഞു.
സർക്കാരിനെ ചോദ്യംചെയ്യുന്നവരെ അപഹസിക്കുന്ന വിധത്തിൽ മുദ്രകുത്തുകയാണ് ബിജെപി സർക്കാരെന്നും രാഹുൽ ആരോപിച്ചു. ഇതിൽ പുതുതായൊന്നുമില്ല. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരെ പ്രൊഫഷണൽ പ്രതിഷേക്കാരെന്നും പരാദങ്ങളെന്നും വിളിച്ചു. ചോദ്യങ്ങൾ ചോദിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തി. ഇപ്പോൾ യുവാക്കളെ ഭീകരവാദികളെന്ന് വിളിക്കുന്നു. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തുകയാണ്. അവരുടെ രാഷ്ട്രീയത്തിന്റെ ആകെത്തുകയാണത്, രാഹുൽ ആരോപിച്ചു.
രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളോട് അടിയന്തരമായി ധർമേന്ദ്ര പ്രധാൻ മാപ്പുപറയണമെന്നും പരാജയങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Content Highlights: Rahul Gandhi criticizes Dharmendra Pradhan for calling protesting students terrorists, Accusations regarding exam paper leaks and the failure of the education system, Demand for public apology and resignation from the Education Minister, Critique of the government's pattern of labeling dissenters
Published: 25 Jun 2026, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented