ന്യൂഡൽഹി: ലോക്‌സഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്ക് ശേഷം പാർലമെന്റ് കോംപ്ലക്‌സിൽ രസകരമായ സംഭവങ്ങൾ അരങ്ങേറി. ലോക്സഭയിൽ താൻ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് വാർത്താസമ്മേളനം നടത്തിക്കൊണ്ടിരുന്ന രണ്ട് മന്ത്രിമാരുടെ അടുത്തേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടന്നുചെന്നു. 'വരൂ, നമുക്ക് ഒരുമിച്ച് നടത്താം' എന്ന് രാഹുൽ പരിഹാസത്തോടെ പറയുകയും മന്ത്രി പ്രഹ്ലാദ് ജോഷിയുടെ കൈയിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. രാഹുൽ ഇടപെടൽ നടത്തിയതോടെ മന്ത്രിമാർ വാർത്ത സമ്മേളനത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തു.

To advertise here,

കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും അശ്വിനി വൈഷ്ണവുമാണ് മാധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നത്. അമേരിക്കൻ വ്യാപാര കരാർ, എപ്സ്റ്റീൻ ഫയലുകൾ, മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ച് ലോക്സഭയിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവിന് 'പരിശോധിച്ച് ഉറപ്പുവരുത്തിയ തെളിവുകൾ' ഉണ്ടായിരിക്കണമെന്ന് മന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെയാണ് രാഹുൽ എത്തുന്നത്. 'ഞാനും വന്ന് ഹലോ പറയാം' എന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ എത്തിയത്. ഉടനെ മന്ത്രിമാർ പിന്തിരിഞ്ഞു. ഇതോടെ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ കൈയിൽ പിടിക്കാൻ ശ്രമം രാഹുൽ നടത്തി. 'വരൂ, നമുക്ക് ഒരുമിച്ച് നിൽക്കാം, ഒരുമിച്ച് ചെയ്യാം' എന്ന് അദ്ദേഹം മന്ത്രിമാരോട് പറഞ്ഞു. പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് എംപിമാരും രാഹുലിനൊപ്പമുണ്ടായിരുന്നു.

മന്ത്രിമാർ പോയതിന് പിന്നാലെ രാഹുൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചു. മന്ത്രിമാർ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്റെ കയ്യിൽ ഡാറ്റയുണ്ട്. ഹർദീപ് പുരിയുടെയും അനിൽ അംബാനിയുടെയും പേരുകൾ എപ്സ്റ്റീൻ ഫയലുകളിലുണ്ട്. പ്രധാനമന്ത്രിക്ക് നേരിട്ട് സമ്മർദ്ദമുണ്ടായിട്ടുണ്ട്' രാഹുൽ പറഞ്ഞു.