ഷിക്കാഗോ: ഉയർന്ന തീരുവചുമത്തി ഇന്ത്യയെ പ്രഹരിക്കുകയും പാകിസ്താന് തീരുവ ഇളവുനൽകുകയുംചെയ്ത യുഎസ് നടപടിയുടെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധത്തെ വിമർശിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ.
പാകിസ്താനുള്ള ഇറക്കുമതിത്തീരുവ 19 ശതമാനമാക്കി കുറയ്ക്കുകയും ഇന്ത്യക്ക് 50 ശതമാനം തീരുവപ്രഹരമേൽപ്പിക്കുകയും ചെയ്തപ്പോൾ ‘ഏറെ വാഴ്ത്തപ്പെട്ട മോദി-ട്രംപ് സുഹൃദ്ബന്ധം’ എവിടെയായിരുന്നെന്ന് അദ്ദേഹം ചോദിച്ചു. ആഗോളവിഷയങ്ങൾ സംബന്ധിച്ച് ഷിക്കാഗോ കൗൺസിൽ നടത്തിയ സംവാദത്തിനിടെയാണ് പരാമർശം.
കഴിഞ്ഞ 20 വർഷമായി ഇന്ത്യ യുഎസുമായി അടുത്തുകൊണ്ടിരിക്കുകയാണെന്നിരിക്കെ, പുതിയനീക്കം അപ്രതീക്ഷിതമാണ്. “ഇത് മോദിയുടെ മുഖത്തേറ്റ അടിയാണ്. കാരണം ഇന്ത്യയിലെ പ്രതിപക്ഷം അദ്ദേഹത്തോട് ചോദിക്കുകയാണ് എവിടെപ്പോയി നിങ്ങളുടെ സൗഹൃദമെന്ന്” -രഘുറാം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ തീരുവചുമത്തപ്പെടുന്ന രാജ്യം ഇന്ത്യയാകുന്നത് നീതീകരിക്കാനാകില്ലെന്നും പറഞ്ഞു.
“യുഎസിനെ വിശ്വസിക്കാനാകില്ല. 1971-ൽ ഇന്ത്യ-പാക് യുദ്ധം നടക്കുമ്പോൾ പ്രസിഡന്റ് നിക്‌സനും അന്നത്തെ വിദേശകാര്യസെക്രട്ടറി ഹെൻറി കിസിഞ്ജറും പാകിസ്താനോട് അനുഭാവം കാണിച്ചു. യുദ്ധം തീർത്ത് പാകിസ്താനെ സംരക്ഷിക്കുന്നതിനായി അവർ നാവികസേനയെ അയച്ചു. അന്ന് സോവിയറ്റ് യൂണിയനാണ് ഇന്ത്യയെ സഹായിച്ചത്. അതാണ് ഇന്ത്യയെ 25 വർഷത്തോളം സോവിയറ്റ് ക്യാമ്പിൽ തളച്ചത്. അതിൽനിന്ന് പുറത്തുവരാൻ ഇന്ത്യ ഒരുപാട് സമയമെടുത്തു.” -രഘുറാം പറഞ്ഞു.
ഇന്ത്യക്ക് ആശ്രയിക്കാൻ ഒരുപാട് രാജ്യങ്ങളില്ലെന്നും മുൻപുണ്ടായ യുദ്ധവും അതിർത്തിത്തർക്കങ്ങളും കണക്കിലെടുക്കുമ്പോൾ ചൈനയെ പൂർണമായും വിശ്വാസത്തിലെടുക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Former RBI Governor Raghuram Rajan slams US tariff hikes on India, questioning Modi-Trump friendship amid favorable treatment for Pakistan. Insights on trade and foreign policy.
Published: 11 Nov 2025, 07:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented