ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് കാരണം വ്യക്തമാക്കി രാജ്യസഭാ എംപി രാഘവ് ഛദ്ദ. എഎപി ‘വിഷലിപ്തമായ തൊഴിൽസ്ഥല’മാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കുവേണ്ടി കഠിനമായി അധ്വാനിച്ചെന്നും യൗവനത്തിലെ പതിനഞ്ച് വർഷം എഎപിക്കായി നൽകിയെന്നും രാഘവ് ഛദ്ദ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഘ് ഛദ്ദയും മറ്റ് ആറ് എംപിമാരും എഎപി പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്.
‘ചില ആളുകൾ എന്റെ തീരുമാനത്തിന് പിന്നിലെ കാരണം അറിയാൻ താത്പര്യപ്പെടുന്നുണ്ട്. അതിനാൽ ഇന്നത്തെ വീഡിയോ അവർക്കുള്ളതാണ്, എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയ്ക്കുള്ള വിജയകരമായ തൊഴിൽമണ്ഡലം വിട്ടാണ് താൻ രാഷ്ട്രീയത്തിൽ ചേർന്നത്. എഎപിയുടെ സ്ഥാപകാംഗമായിരുന്ന താൻ യൗവനത്തിലെ 15 കൊല്ലം പാർട്ടിക്കായി നൽകി. രക്തവും വിയർപ്പും കണ്ണീരുമൊഴുക്കി പാർട്ടിക്കുവേണ്ടി കഠിനമായി അധ്വാനിച്ചു. എന്നാൽ, ഇന്ന് ഈ പാർട്ടി പഴയ പാർട്ടി അല്ല. ഈ പാർട്ടിക്ക് വിഷലിപ്തമായ തൊഴിൽ മണ്ഡലമാണുള്ളത്. നിങ്ങളെ കൃത്യമായി പ്രവർത്തിക്കാനോ സ്വതന്ത്രമായി സംസാരിക്കാനോ അനുവദിക്കുകയില്ല. പാർലമെന്റിൽ സംസാരിക്കുന്നതിൽനിന്ന് നിങ്ങളെ വിലക്കും, രാഘവ് വീഡിയോയിൽ പറഞ്ഞു.
അഴിമതിക്കാരും ഒത്തുതീർപ്പിന് വഴങ്ങുന്നവരുമായ ചില ആളുകളുടെ കൈയിലാണ് എഎപി ഇപ്പോഴുള്ളതെന്നും രാഘവ് ഛദ്ദ ആരോപിച്ചു. അവർ രാജ്യത്തിനുവേണ്ടിയല്ല സ്വന്തം താൽപര്യങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് മുന്നിലുണ്ടായിരുന്നത് മൂന്നുവഴികളാണ്. ഒന്ന്- സമ്പൂർണമായി രാഷ്ട്രീയം വിടുക. രണ്ടാമത്തേത്- എഎപിയിൽ തുടർന്നുകൊണ്ട് അതിന്റെ ഉള്ളിൽ പരിഷ്‌കരണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക. മൂന്നാമത്തേത്- പോസിറ്റീവ് രാഷ്ട്രീയം പ്രവർത്തിക്കാനായി മറ്റൊരു രാഷ്ട്രീയപാർട്ടിയിൽ ചേരുക. ഞാൻ മാത്രമല്ല ആകെ ഏഴ് എംപിമാർ എഎപിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. ഒരാൾക്ക് തെറ്റ് സംഭവിക്കാം. രണ്ട് ആളുകൾക്കും തെറ്റ് പറ്റാം. എന്നാൽ, ഏഴുപേർക്ക് ഒരുമിച്ച് തെറ്റ് സംഭവിക്കില്ല, ഏഴ് എംപിമാർ ബിജെപിയിൽ ചേർന്നതിനെ ന്യായീകരിച്ച് രാഘവ് ഛദ്ദ പറഞ്ഞു.
നിങ്ങളുടെ തൊഴിൽസ്ഥലം വിഷ്‌ലിപതമായാൽ, അതിന്റെ അന്തരീക്ഷം വിഷമയമായാൽ നിങ്ങളേക്കൊണ്ട് എത്രമാത്രം ജോലി ചെയ്യാനാകും? നിങ്ങൾക്ക് അവിടെ ജോലിചെയ്യാൻ സാധിക്കുമോ?. നിങ്ങളെ അവിടെ തൊഴിൽ ചെയ്യുന്നതിൽനിന്ന് തടഞ്ഞാൽ, നിങ്ങളുടെ കഠിനാധ്വാനത്തെ അടിച്ചമർത്തിയാൽ, നിങ്ങളെ നിശ്ശബ്ദരാക്കിയാൽ പിന്നെ നിങ്ങളെന്ത് ചെയ്യും, രാഘവ് ഛദ്ദ ആരാഞ്ഞു. അത്തരം സന്ദർഭങ്ങളിൽ ആ തൊഴിലിടം വിടുക എന്നതാണ് ശരിയായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Raghav Chadha and six other MPs defected from AAP to BJP., Cited a 'toxic work environment' where independent speech is suppressed., Accused AAP leadership of corruption and prioritizing self-interest over the nation., Justified the mass exit by stating that seven experienced leaders cannot all be wrong simultaneously.
Published: 27 Apr 2026, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented