ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തിയാർജിക്കുമ്പോൾ ബി.ജെ.പി. പ്രതിരോധത്തിലാവുന്നു.

To advertise here,

കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന തിരിച്ചറിവിൽ പ്രത്യാക്രമണത്തിന് വട്ടംകൂട്ടുകയാണ് ബി.ജെ.പി.യും കേന്ദ്രസർക്കാരും. ഇതിന്റെ തുടക്കമായിരുന്നു ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി. പാർലമെന്റിന്റെ വർഷകാല സമ്മേളനം മുതൽ മൗനത്തിലായിരുന്ന അമിത് ഷാ. 2029-ൽ നടക്കേണ്ട അടുത്ത പൊതുതിരഞ്ഞെടുപ്പിലും വൻ തോൽവിക്ക് തയ്യാറായിക്കൊള്ളാൻ കോൺഗ്രസിനെ വെല്ലുവിളിച്ചുകൊണ്ടാണ് മൗനം ഭഞ്ജിച്ചത്.

പ്രതിരോധം രണ്ടുതരം

രണ്ടുതരത്തിലുള്ള പ്രതിരോധത്തിനാണ് ബി.ജെ.പി. ഇപ്പോൾ വട്ടംകൂട്ടുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ കാര്യങ്ങൾ ഭദ്രമാണെന്ന് താത്‌കാലികമായെങ്കിലും വരുത്തിത്തീർക്കാനും ഗ്യാനേഷ് കുമാറിനെതിരേ പ്രതിപക്ഷ നിരയിൽ ഭിന്നിപ്പുണ്ടാക്കാനുമാണ് ശ്രമം. കമ്മിഷനിലെ അനൈക്യം മാധ്യമസൃഷ്ടിയാണെന്ന് വരുത്തിത്തീർക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് രണ്ടു കമ്മിഷണർമാരെയും ഒന്നിച്ച് അണിനിരത്താനുമാണ് ശ്രമം. കമ്മിഷനിലെ ഐ.ടി. വിഭാഗം മേധാവി സീമാ ഖന്നയെ ഭരണനേതൃത്വം ഏറക്കുറെ കൈവിട്ടുകഴിഞ്ഞതായാണ് സൂചന. ഇവർ പുറത്തുപോകുന്നതോടെ മറ്റു രണ്ട് കമ്മിഷണർമാരുടെ പരാതികൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് ഭരണവൃത്തങ്ങൾ കരുതുന്നു.

പ്രതിപക്ഷ നിരയിലെ അഭിപ്രായഭിന്നത മുതലെടുക്കുകയാണ് മറ്റൊന്ന്. മണ്ഡലപുനഃസംഘടനയ്ക്കുള്ള വിവാദ ഭരണഘടനാ ഭേദഗതി മുൻനിർത്തി ഇന്ത്യസഖ്യത്തിലെ ഉൾപ്പെടെ ചില പാർട്ടികളെ മയപ്പെടുത്തി എതിർപ്പ് കുറയ്ക്കാൻ ബി.ജെ.പി. ശ്രമിച്ചുവരികയാണ്. എന്നാൽ, ചോദ്യച്ചോർച്ച പ്രക്ഷോഭവും ഗ്യാനേഷ് കുമാർ വിരുദ്ധ പ്രക്ഷോഭവും ആ നീക്കങ്ങൾക്ക് തിരിച്ചടിയായി.

ഡി.എം.കെ.യും ആം ആദ്മി പാർട്ടിയും മാത്രമാണ് ഇപ്പോൾ പൊതുവായ പ്രതിപക്ഷ പ്രതിഷേധത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. ശരദ്‌ പവാർവിഭാഗം എൻ.സി.പി. യെയും ഭരണപക്ഷം നോട്ടമിട്ടിട്ടുണ്ട്. എന്നാൽ, അവരും ഗ്യാനേഷ് കുമാർവിരുദ്ധ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ട്. പ്രതിപക്ഷ നിരയിലെ പാർട്ടികൾക്കിടയിൽ പ്രാദേശികമായി നിലനിൽക്കുന്ന വ്യത്യസ്ത താത്പര്യങ്ങളിലാണ് ഇനി ഭരണപക്ഷത്തിന്റെ കണ്ണ്.