
ന്യൂഡൽഹി: ഒരാഴ്ച നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ യുവകർഷകൻറെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പഞ്ചാബ് പോലീസ് കേസെടുത്തു. സമരത്തിനിടെ ഖനോരി അതിർത്തിയിൽ മരിച്ച ശുഭ്കരൺ സിങ്ങിൻറെ (21) അച്ഛൻ ചരൺജിത് സിങ്ങിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി വൈകി പോലീസ് കേസെടുത്തതിന് പിന്നാലെ പട്യാല രവീന്ദ്ര ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം വ്യാഴാഴ്ച യുവാവിൻറെ സ്വദേശമായ ഭട്ടിൻഡയിലെ ഗ്രാമത്തിൽ സംസ്കരിക്കും. ഖനോരി അതിർത്തിയിൽ വിലാപയാത്ര നടത്തുമെന്ന് കർഷക നേതാക്കൾ അറിയിച്ചു.
ഡൽഹി ചലോ മാർച്ചിനുനേരേ കഴിഞ്ഞ 21-ന് ഹരിയാണ പോലീസ് നടത്തിയ കണ്ണീർവാതക, റബ്ബർ ബുള്ളറ്റ് പ്രയോഗത്തിലായിരുന്നു തലയിൽ മാരക മുറിവേറ്റ് യുവ കർഷകനായ ശുഭകരൺ സിങ് മരിച്ചത്. മരണത്തിൽ ഉത്തരവാദികളായ ഹരിയാണ പോലീസിനെതിരേ കൊലക്കുറ്റം ചുമത്തി പഞ്ചാബ് പോലീസ് കേസെടുക്കണമെന്ന ആവശ്യവുമായി കർഷക നേതാക്കൾ യുവാവിന്റെ പോസ്റ്റ്മോർട്ടം അനുവദിച്ചിരുന്നില്ല.
കേസെടുക്കുന്നില്ലെന്ന കാരണത്താൽ ശുഭ്കരൺ സിങ്ങിന്റെ ആശ്രിതർക്ക് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരുകോടി രൂപ സഹായധനവും സർക്കാർ ജോലിയുമെന്ന വാഗ്ദാനം കുടുംബവും കർഷക നേതാക്കളും നിരസിച്ചിരുന്നു. ഇതേത്തുടർന്ന് ഒരാഴ്ചയോളമായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസെടുത്താലേ മൃതദേഹം സംസ്കരിക്കൂവെന്ന കടുത്ത നിലപാടിലായിരുന്നു നേതാക്കൾ.
മരണം നടന്നത് ഹരിയാണ അതിർത്തിയിലാണോ പഞ്ചാബ് അതിർത്തിയിലാണോ എന്നതിൽ അവ്യക്തത ഉണ്ടായിരുന്നതിനാലാണ് പോലീസ് കേസെടുക്കാൻ വൈകിയതെന്നാണ് സൂചന.
ഖനോരി അതിർത്തിയിൽ ട്രാക്ടർ ട്രോളിയിൽ ഇരിക്കുമ്പോൾ ഹരിയാണ പോലീസ് അധികൃതർ കണ്ണീർ വാതകപ്രയോഗം നടത്തുകയായിരുന്നുവെന്ന് ശുഭ്കരൺ സിങ്ങിൻറെ പിതാവ് പരാതിയിൽ പറഞ്ഞു. അതോടെ സമീപത്തെ വയലിലേക്ക് ഇറങ്ങി ഓടിയെങ്കിലും പോലീസ് നടപടി തുടർന്നു. നേതാക്കൾ നിർദേശിച്ചപ്പോൾ മകനും ഗ്രാമത്തിൽ നിന്നുള്ള കർഷകർക്കുമൊപ്പം തിരിച്ചു ട്രോളിയിലേക്ക് നടക്കുന്നതിനിടെയാണ് മകൻറെ തലയിൽ മുറിവേറ്റു വീണത്. മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. കുറ്റക്കാർക്കെതിരേ നിയമപ്രകാരം കർശന നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പരാതിയിൽ പറഞ്ഞു.
അതിനിടെ, ഖനോരി അതിർത്തിയിലെ സംഘർഷത്തിൽ പരിക്കേറ്റു ചണ്ഡീഗഢിലെ ആശുപത്രിയിൽ ചികിത്സയിലുള്ള യുവകർഷകൻ പ്രീത്പാൽ സിങ്ങിന് സുരക്ഷ നൽകണമെന്ന് യുവാവിന്റെ അച്ഛൻ പഞ്ചാബ് സർക്കാരിനോടാവശ്യപ്പെട്ടു. തങ്ങൾക്കെതിരേ മൊഴി നൽകരുതെന്നും കേസെടുത്തു ജയിലിലിടുമെന്നും ഹരിയാണ പോലീസ് ഭീഷണിപ്പെടുന്നുവെന്നാണ് പരാതി.
അതേസമയം, ഡൽഹി ചലോ മാർച്ചിന്റെ തുടർനീക്കം നേതാക്കൾ വ്യാഴാഴ്ച വൈകീട്ടോടെ പ്രഖ്യാപിക്കും. സമാധാനപരമായി സമരം ചെയ്യുന്നവർക്കു നേരേ ഹരിയാണ സർക്കാരും കേന്ദ്രവും ആക്രമണം നടത്തുകയാണെന്ന് കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിങ് പന്ദേർ കുറ്റപ്പെടുത്തി.
ഫെബ്രുവരി 13-ന് പഞ്ചാബിൽ നിന്നാരംഭിച്ച ഡൽഹി ചലോ മാർച്ചിൻറെ ഭാഗമായ ആറുകർഷകർ ഇതുവരെ മരിച്ചു. 170 ഓളം പേർക്ക് പരിക്കേറ്റു. പോലീസ് വഴിയടച്ച് തടഞ്ഞിരിക്കുന്നതിനാൽ കർഷകർ നിലവിൽ ഹരിയാണ അതിർത്തികളായ ശംഭു, ഖനോരി എന്നിവിടങ്ങളിൽ തുടരുകയാണ്. ഡൽഹിയിലും ഹരിയാണ അതിർത്തികളിൽ പോലീസിന്റെ ജാഗ്രത തുടരുന്നുണ്ട്.
Content Highlights: Punjab Police registered case of murder in death of young farmer
Published: 29 Feb 2024, 01:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented