
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നിയമസഭയിൽ മദ്യപിച്ചെത്തിയതായി പ്രതിപക്ഷത്തിന്റെ ആരോപണം. മേയ് ദിനത്തിൽ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും അരങ്ങേറി.
പ്രതിപക്ഷനിരയിൽനിന്ന് ഒരു കോൺഗ്രസ് എംഎൽഎയാണ് മുഖ്യമന്ത്രിക്കെതിരേ ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി മദ്യലഹരിയിലാണ് സഭയിൽ എത്തിയിരിക്കുന്നതെന്നായിരുന്നു എംഎൽഎയുടെ ആരോപണം. പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വയും ഇത് ഏറ്റുപിടിച്ചു. സത്യാവസ്ഥ അറിയാൻ സഭയിലെ എല്ലാ എംഎൽഎമാർക്കും വൈദ്യപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും എംഎൽഎമാരും ബ്രത്ത് അനലൈസർ പരിശോധനയ്‌ക്കോ വൈദ്യപരിശോധനയ്‌ക്കോ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. മുഖ്യമന്ത്രിയെ പ്രതിരോധിക്കാനായി ആംആദ്മി എംഎൽഎമാരും മുദ്രാവാക്യം വിളിച്ചു. ഇതോടെ സമ്മേളനം ബഹളത്തിൽ കലാശിച്ചു.
അതേസമയം, സംഭവത്തിൽ പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. പ്രതിപക്ഷ എംഎൽഎ ഉന്നയിച്ച ആരോപണം പരിശോധിക്കണമെന്നും സഭയിലെ മുഖ്യമന്ത്രിയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നതാണെന്നും കത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ സഭയിലെ പെരുമാറ്റത്തിൽ സംശയമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ മറുപടിയൊന്നും നൽകാതെ മുഖ്യമന്ത്രി സഭ വിട്ട് പോവുകയായിരുന്നു. അതിനാൽ ഈ വിഷയത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ ജനങ്ങൾക്ക് നിയമസഭയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ശിരോമണി അകാലിദളും മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി മദ്യപിച്ച് സഭയിലെത്തിയത് ലജ്ജാകരമാണെന്നായിരുന്നു ശിരോമണി അകാലിദളിന്റെ പ്രതികരണം. സഭയിൽനിന്നുള്ള മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ സഭയിലെ പെരുമാറ്റം പൊതുജനങ്ങൾ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പഞ്ചാബിലെ ജനങ്ങൾക്ക് മുന്നിൽ സത്യം തെളിയിക്കാൻ മുഖ്യമന്ത്രി പരിശോധനയ്ക്ക് തയ്യാറാകണമെന്നും ശിരോമണി അകാലിദൾ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്ന മുൻ ആംആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളും ഭഗവന്ത് മാനെതിരെ വിമർശനമുന്നയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഒരിക്കൽക്കൂടി മദ്യലഹരിയിൽ നിയമസഭയിൽ എത്തിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് അവർ മുഖ്യമന്ത്രി സംസാരിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്.
അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ആംആദ്മി പാർട്ടി നിഷേധിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും ഇത് നിർഭാഗ്യകരമാണെന്നും ആംആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അമാൻ അറോറ പ്രതികരിച്ചു.
Content Highlights: Opposition parties alleged Punjab CM Bhagwant Mann was intoxicated during the May 2026 special assembly session., The Congress and Shiromani Akali Dal demanded a medical examination for the CM., Swati Maliwal shared footage questioning the CM's conduct in the assembly., The Aam Aadmi Party (AAP) officially denied all allegations, calling them baseless., A formal letter was submitted to the Speaker requesting an investigation into the incident.
Published: 01 May 2026, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented