ചണ്ഡീഗഢ്: പഞ്ചാബിലെ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ അടുത്തബന്ധുവും രാഷ്ട്രീയവിമർശകനുമായ ഗ്യാൻ സിങ് മൻ ബിജെപിയിൽ ചേർന്നു. ഭഗവന്ത് മന്നിന്റെ അച്ഛന്റെ അനുജന്റെ മകനാണ് ഗ്യാൻ സിങ് മൻ. ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിയുടെയും പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ഝാക്കറുടെയും സാന്നിധ്യത്തിലായിരുന്നു ഗ്യാൻ ഉൾപ്പെടെയുള്ളവർ അംഗത്വം സ്വീകരിച്ചത്.

To advertise here,

ബർണാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയും എൻആർഐയുമായ ബൽജിന്ദർ സിങ് ബർണാല, ജലാദാബാദ് എംഎൽഎ ഗോൾഡി കാംബോജിന്റെ പിഎ ആയിരുന്ന മൻജിന്ദർ സിങ് സാജൻ ഖേര തുടങ്ങിയവരാണ് ഗ്യാനിന് ഒപ്പം ബിജെപി അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് ഈ മാസം അവസാനത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് ഈ സംഭവവികാസങ്ങൾ.

എഎപി സർക്കാരിന്റെ വിമർശകരിലൊരാളായിരുന്നു ഗ്യാൻ. പാർട്ടിയുടെ നയങ്ങളെയും തീരുമാനങ്ങളെയും പലവട്ടം ഇദ്ദേഹം ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാസത്തിലാണ് എഎപിയുടെ പഞ്ചാബിൽനിന്നുള്ള ഏഴ് രാജ്യസഭാ എംപിമാർ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ബിജെപിയിൽ ചേർന്നത്.