ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ നിയമപരമായ ചട്ടക്കൂട് കൂടുതൽ കർശനമാക്കാൻ ലക്ഷ്യമിട്ടുള്ള 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026'-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നൽകിയത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനായി ഈ ബില്ലിന് മുൻഗണന നൽകണമെന്നും വരുന്ന തിങ്കളാഴ്ച തന്നെ ലോക്സഭയിൽ അവതരിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
പുതിയ ഭേദഗതി പ്രകാരം പരീക്ഷാ ക്രമക്കേടുകളിൽ കുറ്റക്കാരായവർക്ക് ശിക്ഷാ കാലാവധി ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള 2024-ലെ നിയമപ്രകാരം കുറഞ്ഞ ശിക്ഷ മൂന്ന് വർഷമായിരുന്നത് അഞ്ച് വർഷമായും, പരമാവധി ശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമായും ഉയർത്തി. ശിക്ഷയോടൊപ്പം ഈടാക്കാവുന്ന പരമാവധി പിഴത്തുക പത്ത് ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു.
സംഘടിതമായ പരീക്ഷാ തട്ടിപ്പുകൾക്ക് അതീവ ഗുരുതരമായ ശിക്ഷയാണ് പുതിയ നിയമത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഏഴ് വർഷം തടവും പത്ത് കോടി രൂപ പിഴയും ചുമത്തും. പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തുന്ന സർവീസ് പ്രൊവൈഡർമാർക്ക് അഞ്ച് കോടി രൂപ വരെ പിഴ ചുമത്താനും അവരെ എട്ട് വർഷത്തേക്ക് പരീക്ഷാ നടത്തിപ്പിൽ നിന്ന് വിലക്കാനും ഭേദഗതി ശുപാർശ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളിലെ ഡയറക്ടർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കുറഞ്ഞത് അഞ്ച് വർഷം തടവും അഞ്ച് കോടി രൂപ പിഴയും ലഭിക്കും.
കുറ്റകൃത്യങ്ങളിൽ അതിവേഗ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ പുതിയ നിയമം അധികാരം നൽകുന്നുണ്ട്. കൂടാതെ, കേന്ദ്ര അന്വേഷണ ഏജൻസികൾക്കും കേസുകൾ കൈമാറാൻ സാധിക്കും. ഏത് കേസിലെയും അന്വേഷണ നടപടികൾ ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് നിയമം അനുശാസിക്കുന്നു. അന്വേഷണ പ്രക്രിയയിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുകയാണ് ഈ സമയപരിധിയിലൂടെ ലക്ഷ്യമിടുന്നത്.
കേസുകളുടെ വിചാരണയ്ക്കായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ഈ കോടതികൾ എല്ലാ ദിവസവും നടപടികൾ തുടരുകയും കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുകയും വേണം. നിലവിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളും ഈ കോടതികളിലേക്ക് മാറ്റും. ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധിന്യായത്തിന്മേലുള്ള അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
Content Highlights: Public Examinations Amendment Bill 2026, including 10-year jail terms and ₹5 crore fines.
Published: 26 Jul 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented